lakshmi-amma-
കെ പി ലക്ഷ്മി അമ്മ

കാസർകോട്: പാട്ടുപാടിക്കൊണ്ടുതന്നെ ഈ ലോകത്തോട് വിട പറയണമെന്ന് ആഗ്രഹിച്ച ഉദിനൂരിന്റെ വാനമ്പാടിയുടെ ശുദ്ധ സംഗീതം നിലച്ചു. ജീവിതത്തിന്റെ സായംസന്ധ്യയിലും ശ്രുതി പിഴക്കാതെ, താളം തെറ്റാതെ സംഗീതം ആലപിച്ച് ആസ്വാദകരിൽ കുളിർമഴ പെയ്യിച്ച ഉദിനൂരിലെ എം. കൃഷ്ണൻ പണിക്കരുടെ ഭാര്യ കെ.പി. ലക്ഷ്മി അമ്മ ഓർമ്മയായി.

വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ നിര്യാതയായ ലക്ഷ്മി അമ്മയ്ക്ക് ഒരു നാടു മുഴുവൻ യാത്രാമൊഴി ചൊല്ലി. തന്റെ ശബ്ദമാധുരി കൊണ്ട് അനുഷ്ഠാനകലാരൂപമായ തെയ്യത്തിന്റെ തോറ്റംപാട്ടിലൂടെ ഭക്തരിലും സംഗീതാസ്വാദകരിലും അനുഭൂതി തീർത്ത ലക്ഷ്മി അമ്മ രോഗകിടക്കയിലും പാട്ട് മറന്നിരുന്നില്ല.

പൊലിക.. പൊലികാ... തുടങ്ങിയ തോറ്റം പാട്ടിന്റെ ഈരടികളും തിരുവോണ പുലരി തൻ.., കുടജാദ്രിയിൽ കുടികൊള്ളും... തുടങ്ങിയ പഴയ സിനിമാ ഗാനങ്ങളും ശ്രാവ്യഭംഗിയോടെ ഇവർ പാടുമായിരുന്നു. തൊണ്ണൂറാം വയസ്സിലും മനോഹരമായി പാടുന്ന ഈ വാനമ്പാടിയുടെ ശബ്ദം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ തെയ്യാട്ടക്കാവുകളിൽ സക്രിയമായിരുന്ന ലക്ഷ്മി അമ്മ തോറ്റം പാട്ടിനൊപ്പം ചമയ നിർമ്മാണത്തിലും ഓലച്ചൂട്ട് പിടിക്കുന്നതിലും കണ്ണേറ് പാട്ടിലും സജീവമായിരുന്നു. ഭർത്താവ് കൃഷ്ണൻ പണിക്കരോടൊപ്പം എത്രയോ ക്ഷേത്രങ്ങളിലും തറവാടുകളിലും കളിയാട്ടങ്ങൾക്ക് ഒപ്പം പോയിട്ടുണ്ട്.

മേലേരിയിലെ കനൽ അടിച്ചുകൂട്ടാൻ വരെ സഹായിച്ചിട്ടുണ്ട് ലക്ഷ്മി അമ്മ. ഉദിനൂരിലെയും തടിയൻകൊവ്വലിലെയും സാംസ്കാരിക രംഗത്ത് ഇടപെട്ടിരുന്ന ഇവർ അനേകം നാടകങ്ങളുടെ പിന്നണി ഗായികയായി. നാടകങ്ങളിൽ തോറ്റംപാട്ടും ചൊല്ലി. നൃത്ത സംഗീത നാടകമായ ഭക്തപ്രഹ്ലാദനിൽ മുഴുനീള പിന്നണി ഗായികയായി ശോഭിച്ചിട്ടുണ്ട്. നീലേശ്വരം സർക്കാർ ആശുപത്രിയിൽ നിന്ന് നാടൻ പേറ്റിച്ചിമാരുടെ പരിശീലനം നേടിയിട്ടുള്ള ഇവർ നൂറുകണക്കിനു കുഞ്ഞുങ്ങളുടെ പേറെടുത്തിട്ടുണ്ട്. പ്രസവ ചികിത്സയ്ക്കായി ഇന്ന് കാണുന്ന ആശുപത്രി സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ലക്ഷ്മി അമ്മ പേറെടുത്ത കുട്ടികൾ പലരും സമൂഹത്തിൽ ഇന്ന് ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.

പ്രസവ രക്ഷാ മരുന്ന്, നവജാത ശിശു പരിപാലനം തുടങ്ങിയവയിൽ നല്ല പരിജ്ഞാനം ഉണ്ടായിരുന്നു. പാരമ്പര്യത്തിന്റെ ധാരയായ കണ്ണേറുപാട്ടിൽ മികവ് പുലർത്തിയിരുന്നു. ചെണ്ട, തകില്‍, കിണ്ണം എന്നീ വാദ്യോപകരണങ്ങളുമായി കണ്ണേറ് ദോഷം തീർക്കാൻ ലക്ഷ്മി അമ്മ കണ്ണേറു പാട്ടു പാടാത്ത സ്ഥലങ്ങൾ കുറവാണ്. 2015ൽ ഫോക്‌ലോർ അക്കാഡമി ഗുരുപൂജ അവാർഡ് നൽകി ആദരിച്ചു.