കാഞ്ഞങ്ങാട്: പനയാൽ ബാങ്ക് വാച്ചുമാന്റെ കൊലപാതകത്തിന് കാൽനൂറ്റാണ്ട്. 2000 ജൂലായ് 30 ന് കർക്കടക വാവു ദിവസമാണ് പനയാൽ അരവത്തെ വിനോദ് (28) കൊല ചെയ്യപ്പെടുന്നത്. ബാങ്കിന്റെ ഹെഡ് ഓഫീസിൽ വാച്ച്മാനായിരുന്നു തെയ്യം കലാകാരൻ കൂടിയായ വിനോദ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിൽ കവർച്ച നടത്താൻ എത്തിയ സംഘമാണ് വിനോദിനെ കൊലപ്പെടുത്തി ബാങ്കിൽ നിന്നു കിലോമീറ്റർ അകലെയുള്ള പെരിയാട്ടടുക്കം ദേശീയപാതയോരത്ത് കുറ്റിക്കാട്ടിൽ തള്ളിയത്.

നാടിനെ നടുക്കിയ കൊലപാതകത്തെ കുറിച്ചും കവർച്ചയെക്കുറിച്ചും ലോക്കൽ പൊലീസ് മുതൽ സി.ബി.ഐ വരെ അന്വേഷിച്ചുവെങ്കിലും കൊലയാളികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സി.ബി.ഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. എങ്കിലും മകന്റെ കൊലയാളികളെ കണ്ണടയും മുമ്പ് കണ്ടെത്താനാകുമെന്നാണ് മാതാവ് പാറു അമ്മ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

കുമ്പള സഹകരണ ബാങ്കിന്റെ പെർവാഡ് ശാഖയിൽ നടന്ന കവർച്ചയും ഒരു കർക്കടക വാവ് ദിവസമായിരുന്നു. കനത്ത മഴ തുടരുന്നതിനാൽ വൻ കവർച്ചയ്ക്കു സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത തുടരുന്നതിനിടയിലാണ് കുമ്പളയിൽ ബാങ്ക് കൊള്ള ഉണ്ടായത്.