pirannal
മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ സപരിതയടെ പിറന്നാൾ ആഘോഷിച്ചപ്പോൾ

കൽപ്പറ്റ: കഴിഞ്ഞ പിറന്നാളുകളിലെല്ലാം വീടിനടുത്തുള്ള ചൂരൽമല ശിവക്ഷേത്രത്തിൽ വഴിപാടു നടത്തി സപരിത നെറ്റിയിൽ ചന്ദനം ചാർത്തിയിരുന്നു. ആ ക്ഷേത്രവും പ്രസാദം നൽകിയിരുന്ന പൂജാരി കല്യാണകുമാറും ഇന്നില്ല. ഉരുൾപൊട്ടൽ ക്ഷേത്രം തകർത്ത് പൂജാരിയുടെ ജീവനുമെടുത്തു. അമ്പലമുറ്റത്തെ ആൽമരംമാത്രം ചുടലഭൂതംകണക്കെ ജീവനോടെ നില്പുണ്ട്. പിറന്നാളുകാരി സപരിത അടക്കം ക്യാമ്പിലുള്ളവർ ജീവനുമായി ഓടിയ ഓട്ടം നിൽക്കുന്നത് ഈ ദുരിതാശ്വാസ ക്യാമ്പിലാണ്. സർവതും നഷ്ടപ്പെട്ട് പരസ്പരം ഒന്നു മിണ്ടാൻപോലും കഴിയാതെ കഴിഞ്ഞവർ പിറന്നാളുകാരിക്ക് ആശംസനേർന്ന് അടുത്തുവന്നു. ചിരിക്കുമ്പോഴും എല്ലാവരുടെയും മുഖത്ത് തോരാത്ത ദൈന്യത തളംകെട്ടിനിന്നിരുന്നു.
അതേ,​ എല്ലാം നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവർ ഇന്നലെ സപരിതയുടെ പിറന്നാൾ ആഘോഷിച്ചു. മുന്നിലെ അനന്തമായ ഇരുട്ടിൽ നിന്ന് അതിജീവനത്തിന്റെ ഒരു കിരണം. മിഴിനീരുണങ്ങാത്ത കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളം. അവർ കുറച്ചുനേരം വേദനകൾ മറന്നു. അല്ല,​ മറക്കാൻ ശ്രമിച്ചു. ദുരന്തഭൂമിയിൽ നിന്ന് ഓടിയെത്തിയവർക്ക് കനിവേകുന്ന മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു പിറന്നാളിന്റെ പുഞ്ചിരി. കേക്ക് മുറിച്ച് സപരിത ആദ്യമധുരം അമ്മ മഞ്ജുഷയ്ക്ക് നൽകി.
കണ്ണുനിറഞ്ഞ നിമിഷത്തിൽ ആ മാതൃഹൃദയത്തിലൂടെ കടന്നുപോയത് എന്തൊക്കെ ഓർമ്മകളായിരിക്കും. 20 വർഷം മുമ്പ് ഒരു കുഞ്ഞിന് ജന്മമേകിയ നിമിഷം മുതൽ കഴിഞ്ഞ ദിവസം മലയിറങ്ങിയ മരണച്ചുഴിയിൽ നിന്നുള്ള പുനർജന്മം വരെ. എങ്കിലും സ്വന്തം മകളുടെ പിറന്നാൾ ആഘോഷം ഏതമ്മയ്ക്കാണ് ആനന്ദമാകാത്തത്. സപരിതയുടെ അമ്മ മഞ്ജുഷയ്ക്കും അതു മറച്ചുവയ്ക്കാനായില്ല.
ചൂരൽമലയിലെ എസ്‌റ്റേറ്റ് തൊഴിലാളിയാണ് മഞ്ജുഷ. ഭർത്താവ് ബാലസുബ്രഹ്മണ്യൻ കൂലിത്തൊഴിലാളിയും.

ശിവക്ഷേത്രത്തിനോട് ചേർന്ന ഓടുമേഞ്ഞ ചെറിയ വീട്ടിലായിരുന്നു താമസം. ആഘോഷത്തിനിടെ സപരിത പിറന്നാൾ ദിനങ്ങളിൽ ലഭിച്ച ചെറിയ ചെറിയ സമ്മാനങ്ങൾ സൂക്ഷിച്ചു വച്ച ആ വീടിനെപ്പറ്റി ഓർത്തു. കഴിഞ്ഞകാല പിറന്നാളുകളിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും അയൽക്കാരെയും ഓർത്തു. വിളികൾക്കപ്പുറത്തുള്ള ലോകത്തേക്കു പോയ അവരുടെ പേരുകൾ മനസിലുദിച്ചു. ഓർമ്മ മാത്രമായ അവർക്കായി പ്രാർത്ഥിച്ചു. ക്യാമ്പിലെ കുട്ടികൾക്ക് സപരിത കേക്ക് പങ്കുവച്ചു. ചേച്ചി ദിവ്യ തമിഴ് നാട്ടിൽ പഠിക്കുകയാണ്.