പരിയാരം: വണ്ണാത്തിപ്പുഴയോരത്ത് കരയിടിച്ചിൽ രൂക്ഷം. പ്രദേശവാസികൾ ഭീതിയിൽ. കൈതപ്രം കമ്പിപ്പാലം ഭാഗത്താണ് വണ്ണാത്തിപ്പുഴയിൽ കരയിടിച്ചിൽ ശക്തമായിട്ടുള്ളത്. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴ ഒഴുകുന്ന പ്രദേശത്ത് പുഴയിൽ ജല നിരപ്പ് വർദ്ധിച്ചാൽ പല സ്ഥലത്തും കൂടുതൽ പ്രദേശത്ത് കരയിടിയാൻ സാദ്ധ്യതയുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ കരയിടിഞ്ഞ് നിരവധി തെങ്ങും മരങ്ങളും പുഴയിലേക്ക് പതിച്ചിരുന്നു. പമ്പ് സെറ്റുകളും വൈദ്യുതി തൂണുകളും ഇതോടൊപ്പം പുഴയിൽ ഒഴുകിപ്പോയിരുന്നു. കമ്പിപ്പാലത്തിനു സമീപത്തെ എം.പി ദാമോദരൻ നമ്പൂതിരി, മംഗലത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി എന്നിവരുടെ പറമ്പുകളിലാണ് ഇപ്പോൾ വ്യാപകമായി കരയിടിച്ചിൽ ഉണ്ടായിട്ടുള്ളത്. പുഴയുടെ അരികിൽ താമസിക്കുന്നവർ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. ബന്ധപ്പെട്ട അധികൃതർ കരയിടിച്ചിലിന് പരിഹാരമായി പുഴയുടെ അരിക് കെട്ടി സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് വാർഡ് മെമ്പർ എൻ.കെ.സുജിത്ത് താലൂക്ക് തല അദാലത്തിൽ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.