കാസർകോട്: ഉദുമയുടെ പടിഞ്ഞാറൻ തീരങ്ങളായ ജന്മ കടപ്പുറം, കൊപ്പൽ, കൊവ്വൽ ബീച്ച്, തൃക്കണ്ണാട് കടപ്പുറം പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം. ജന്മ കടപ്പുറം, കൊവ്വൽ ബീച്ച് ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് കടലെടുത്തു. ഏതാനും മീറ്ററുകൾ മാത്രം തിരമാലകൾ കയറിയാൽ വീടുകളും നഷ്ടമാകും.
കെ.സി. ഗോപാലൻ, അപ്പണ്ണൻ വെള്ളച്ചി, സിലോൺ വെള്ളച്ചി തുടങ്ങിയവരുടെ വീടുകൾക്കെല്ലാം ഭീഷണിയാണ്. ഇവിടെ സ്ഥാപിച്ച മണൽ നിറച്ച ഭിത്തിയും കടലെടുത്തു. 80 ലക്ഷത്തിന്റെ ജിയോ ബാഗ് കടൽ ഭിത്തിയാണ് കടലിൽ പോയത്. നേരത്തെ നിർമ്മിച്ച കരിങ്കൽ ഭിത്തിയും ഇപ്പോൾ കടലിനുള്ളിലാണ്. മുൻവർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത കടൽ ക്ഷോഭമാണ് ഇത്തവണയെന്ന് തീരദേശവാസികൾ പറഞ്ഞു. നൂറിലധികം തെങ്ങുകളും തിരമാലകൾ കൊണ്ടുപോയി.
കടൽ ഭിത്തി ഗ്രൂപ്പുണ്ടാക്കി കൂട്ടായ്മ
ദുരിതം നേരിടുന്ന കാപ്പിൽ കോടി കടപ്പുറം മുതൽ നൂമ്പിൽ വരെയുള്ള നാലു കിലോമീറ്റർ നീളത്തിൽ കടൽ ഭിത്തി കെട്ടി തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. കടൽ ഭിത്തി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രവർത്തനം. ഇന്നലെ വൈകുന്നേരം കൊവ്വൽ കടപ്പുറത്ത് തീരദേശ കുടുംബങ്ങളുടെ വിപുലമായ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. രാവിലെ ചേർന്ന ഗ്രാമസഭയിൽ ഹരിത കർമ്മസേന, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.