fd

കൽപ്പറ്റ: ആദ്യ ഉരുൾപൊട്ടലിന് പിന്നാലെ ഫയർഫോഴ്‌സ് ദുരന്ത മേഖലയിലെത്തിയിരുന്നു. രക്ഷാ പ്രവർത്തനം ആരംഭിച്ചപ്പോഴാണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായതെന്ന് കൽപറ്റ ഫയർസ്‌റ്റേഷനിലെ സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസറായ അനിൽ പറഞ്ഞു.

ആദ്യത്തെ ഉരുൾപൊട്ടലിനെ തുടർന്ന് വീടിന് പുറത്തിറങ്ങി നിൽക്കുന്ന കുറേ ആളുകളെ കണ്ടിരുന്നു. എന്നാൽ രണ്ടാമത്തെ ഉരുൾപൊട്ടലിനു ശേഷം അവർ എവിടെയോ അപ്രത്യക്ഷരായി. ഉരുൾപൊട്ടി എന്നറിയിച്ചു പുലർച്ചെ ഒന്നേ മുക്കാലോടെയാണ് മണികണ്ഠൻ എന്നയാൾ സ്‌റ്റേഷനിൽ വിളിച്ചത്. ഉടനെ പതിനഞ്ചോളം ജീവനക്കാർ സംഭവസ്ഥലത്തേക്ക് കുതിച്ചു. മേപ്പാടി പോളിടെക്‌നിക് കോളേജിന്റെ അടുത്തെത്തിയപ്പോൾ റോഡിൽ മരം വീണ് കിടക്കുന്നു. മരം മുറിച്ചു മാറ്റിയാണ് അതുവഴി കടന്നുപോയത്. ചൂരൽമലയിലെത്താൻ അര മണിക്കൂറോളമെടുത്തു. ഇരുട്ടിലൂടെ മുണ്ടക്കൈയിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ അങ്ങോട്ടു പോകരുത് ,പാലം ഒലിച്ചുപോയെന്ന് നാട്ടുകാർ പറഞ്ഞു. അതിനിടെയാണ് അടുത്ത ഉരുൾപൊട്ടൽ. നാട്ടുകാർ 'ഓടിക്കോ' എന്നു വിളിച്ചു പറഞ്ഞതുകൊണ്ട് ഓടി. പിന്നാലെ വലിയ ശബ്ദവുമുണ്ടായി. കുന്നിലെ ഒരു തേയില തോട്ടത്തിലേക്കാണ് ഓടിക്കയറിയത്. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതു പോലെ തോന്നിയപ്പോഴാണ് കുന്നിറങ്ങി വന്നത്. അപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാറക്കൂട്ടങ്ങളും കട പുഴകിയ മരങ്ങളും വന്നു നിറഞ്ഞിരുന്നു. ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയതിനാൽ കുറച്ചു പേരെ രക്ഷിക്കാൻ കഴിഞ്ഞു. നേരം പുലർന്നതോടെയാണ് ഫയർഫോഴ്‌സിന് കൂട്ടായി മറ്റു സേനകളെത്തിയത്.