kuzhi
ഇരിട്ടി - മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ പയഞ്ചേരി മുക്കിന് സമീപം രൂപപ്പെട്ട കുഴികൾ

ഇരിട്ടി: ഇരുചക്ര വാഹനക്കാരെ പിടികൂടാൻ വാപിളർന്ന് നിൽക്കുന്നത് പോലെയാണ് ഇരിട്ടി - മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ പയഞ്ചേരി മുക്കിന് സമീപം വെൽനസ് ക്ലിനിക്കിനും കണ്ണൂർ ഹാർഡ്‌വേഴ്‌സിനും ഇടയിലായി രൂപപ്പെട്ട് കിടക്കുന്ന രണ്ട് കുഴികൾ. അടുത്ത ദിവസങ്ങളിലായി എട്ടോളം ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടായെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് ഇവരെല്ലാം പിന്നാലെ എത്തുന്ന മറ്റു വാഹനങ്ങൾ കയറി ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്.

കീഴൂർ - ഇരിട്ടി റോഡിൽ കീഴൂരിൽ നിന്നും രജിസ്ട്രാ‌ർ ഓഫീസ് കഴിഞ്ഞ് കയറ്റമിറങ്ങി അമിത വേഗതയിലാണ് വാഹനങ്ങൾ പയഞ്ചേരി മുക്കിലെ സിഗ്നൽ ഭാഗത്തേക്ക് നീങ്ങുന്നത്. ഈ റോഡിൽ കണ്ണൂർ ഹാർഡ് വേഴ്‌സിന് മുന്നിലാണ് ഈ രണ്ട് അപകടക്കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി ഇവിടെ കുഴി അടക്കുമ്പോഴേക്കും വീണ്ടും കുഴി രൂപപ്പെട്ടു വരികയാണ്. പണ്ടുമുതലേ വേനൽക്കാലങ്ങളിൽ പോലും ഉറവ രൂപപ്പെടുന്ന പ്രദേശത്ത് റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ ഇത് കണക്കിലെടുത്തില്ല എന്നതാണ് ഒരു മഴ പെയ്യുമ്പോഴേക്കും ഇവിടെ കുഴി രൂപപ്പെടാൻ ഇടയാക്കുന്നത്.

മഴക്കാലത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന കുഴി ഇരു ചക്രവാഹനക്കാർക്ക് പെട്ടെന്ന് കണ്ണിൽപ്പെടില്ല. രാത്രികാലങ്ങളിലാണ് ഇത് ഏറ്റവും അപകടകരമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കീഴൂർ ടൗണിൽ മിൽമ ബൂത്ത് ആൻഡ് ബേക്കറി കട നടത്തിവരുന്ന പാക്കഞ്ഞി രാജീവൻ ഓടിച്ച സ്‌കൂട്ടർ ഈ കുഴിയിൽ വീണ് അദ്ദേഹത്തിന് പരിക്കേറ്റു. കൈക്കും കാലിനും പരിക്കേറ്റ രാജീവൻ ഇവിടെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. രാത്രി 9 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സഹയാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ടാണ് താൻ പിന്നാലെ വന്ന വാഹങ്ങൾ കയറി മരിക്കാതിരുന്നതെന്ന് രാജീവൻ പറഞ്ഞു. റോഡിലേക്ക് മറിഞ്ഞു വീണ ഉടനെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി പിന്നാലെ എത്തിയ വാഹനങ്ങൾ കൈകാണിച്ച് നിർത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും രാജീവൻ പറഞ്ഞു.

അടുത്ത ദിവങ്ങളിലായി നിരവധി ഇരുചക്ര വാഹനക്കാർ ഇവിടെ അപകടത്തിൽ പെട്ടു. ഭാഗ്യംകൊണ്ട് മാത്രമാണ് ഇവരെല്ലാം പിന്നാലെ എത്തുന്ന മറ്റു വാഹനങ്ങൾ കയറി ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്.

സമീപത്തെ കടക്കാർ

കുഴി കല്ലിട്ടുമൂടുന്നതും

അപകടമാണ്

കച്ചവടക്കാർ കടകളിലേക്ക് വെള്ളം തെറിക്കാതിരിക്കാൻ കുഴിയിൽ കല്ലിട്ടിട്ടുണ്ടെങ്കിലും ഇതും ഇരുചക്ര യാത്രക്കാർക്ക് അപകടകരമാണ്. ഈ അന്തർസംസ്ഥാന പാതയിൽ അപകടക്കെണി ഒരുക്കി നിൽക്കുന്ന കുഴികൾ എത്രയും പെട്ടെന്ന് മൂടണമെന്നും ഇല്ലെങ്കിൽ ഇവിടെയുണ്ടാകുന്ന അത്യാഹിതങ്ങൾ നമുക്ക് കണ്ടു നില്കാനാവില്ലെന്നും സമീപത്തെ കച്ചവടക്കാർ പറയുന്നു.