മേപ്പാടി: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദേശീയ ദുരന്തമെന്നത് കുറേ മാനദണ്ഡങ്ങളുളള കാര്യമാണ്. അതിന് നിയമപരായ കടമ്പകളുണ്ട്. ഒരു പക്ഷേ അതിലും വലിയ ദുരന്തമാകാം വയനാട്ടിലേത്. ദുരന്തം നടന്ന പ്രധാന മേഖലകളെല്ലാം സന്ദർശിച്ചു. അതെല്ലാം ചേർത്ത് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകും.
മഹാ ദുരന്തമാണ് വയനാട്ടിലേത്. ജനങ്ങളുടെ രോദനം കേട്ടറിഞ്ഞു. ഇനി പ്രധാനം പുനരധിവാസമാണ്. അതിനുള്ള ശ്രമം സംസ്ഥാന സർക്കാരുമായി ചേർന്ന് നടത്തും. മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തി. എല്ലാ നിലയ്ക്കും ദുരന്തബാധിതർക്കൊപ്പം കേന്ദ്രമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലങ്ങളും സുരേഷ് ഗോപി സന്ദർശിച്ചു.