train

കണ്ണൂർ:കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ് പ്രസ് (16511/16512) റദ്ദാക്കിയതുമൂലം യാത്രക്കാർ നേരിടുന്നത് വലിയ പ്രതിസന്ധി. ഹാസൻ സകലേശ്പുര ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ഈ ട്രെയിൻ റദ്ദാക്കിയത്. ആഗസ്റ്റ് നാലുവരെയാണ് ആദ്യം ട്രെയിൻ റദ്ദാക്കിയിരുന്നത്.എന്നാൽ പിന്നീട് കെ.എസ്.ആർ ബംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511) അഞ്ചു വരെയും കണ്ണൂർ കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് ആറു വരെയും റദ്ദാക്കിയതായി വെസ്റ്റേൺ റെയിൽവേ അറിയിക്കുകയായിരുന്നു.

സകലേഷ് പൂർ സുബ്രഹ്മണ്യ റോഡ്ഘട്ട് സെക്ഷനിലെ തകർന്ന ട്രാക്ക് പുനഃസ്ഥാപിക്കുന്ന ജോലി മൈസൂരു ഡിവിഷൻ തുടരുകയാണ്. പണി പൂർത്തിയായില്ലെങ്കിൽ അടുത്ത ദിവസങ്ങളിലും യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. വടക്കൻ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ, വ്യാപാരികൾ, ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടെ പതിനായിരത്തോളം ആളുകൾ കണ്ണൂരിൽ നിന്ന് ബംഗളൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്.

ശനി, ഞായർ അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവരാണ് കൂടുതലും വലഞ്ഞത്.നിലവിൽ രണ്ടു ട്രെയിനുകളാണ് കണ്ണൂരിൽ നിന്നും ബംഗളൂരിലേക്കുള്ളത്. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ്. ഇതിൽ ഒരു വണ്ടി റദ്ദാക്കിയത് യാത്രക്കാരെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാഴ്ത്തി. വൻതിരക്കാണ് ഒറ്റ ട്രെയിനിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു യശ്വന്ത്പൂർ എക്സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്.

ബസ് യാത്രക്കാരിൽ വർദ്ധന
ട്രെയിൽ റദ്ദാക്കിയതിനാൽ കെ.എസ്.ആർ.ടി.സി ബസിനെയും സ്വകാര്യ ബസുകളെയുമാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഇതോടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കും വർദ്ധിച്ചു. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് 800 മുതലാണ് ബസ് ചാർജ്. 1000 മുതൽ 1200 വരെ രൂപക്ക് സാധാരണ സ്ലീപ്പർ ബസുകളും ലഭിച്ചിരുന്നു. എന്നാൽ ട്രെയിൻ റദ്ദായതോടെ 40 ശതമാനത്തോളം വർദ്ധനവുണ്ടായി.

ദുരിതം മുതലെടുത്ത് വിമാനക്കമ്പനികളും

കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാന നിരക്കും ഇരട്ടിയോളമാക്കി. 2,700 മുതൽ 4200 വരെയുണ്ടായിരുന്ന ഇടയിലുണ്ടായിരുന്ന നിരക്ക് 5000 മുതൽ പതിനായിരം വരെ വർദ്ധിച്ചു. മംഗളൂരുവിൽനിന്നുള്ള സർവീസുകൾക്കും നിരക്കും വർദ്ധിച്ചു. സാധാരണ 2000 രൂപയിൽ നിന്ന് 10,000 രൂപ വരെയായാണ് നിരക്ക് ഉയർന്നത്.