തളിപ്പറമ്പ്: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച തളിപ്പറമ്പ് ടൗൺ സ്ക്വയർ ചോർന്നൊലിക്കുന്നു. അശാസ്ത്രീയ നിർമ്മാണമാണ് ടൗൺ സ്ക്വയറിലെ ശക്തമായ ചോർച്ചയ്ക്ക് കാരണമെന്ന ആക്ഷേപം ശക്തമായി. നഗരത്തിൽ പൊതുപരിപാടികൾ നടക്കുന്ന പ്രധാന ഇടമാണ് ടൗൺ സ്ക്വയർ.

നഗരത്തിലെ റോഡരികിൽ പല ഭാഗത്തായി പൊതുപരിപാടികൾ നടത്തുന്നതിന്റെ ഭാഗമായി വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് പരിഹാരമായാണ് ടൗൺ സ്ക്വയർ സ്ഥാപിച്ചത്. നഗരസഭ ബസ് സ്റ്റാൻഡിലെ കെട്ടിട സമുച്ചയത്തോട് ചേർന്നുള്ള മേൽക്കൂരയോട് കൂടിയുള്ള ഓപ്പൺ ഓഡിറ്റോറിയമായ ടൗൺ സ്ക്വയറിൽ നിത്യേന നിരവധി പരിപാടികൾ നടക്കാറുണ്ട്. നഗരസഭ പരിപാടികൾ നടത്താൻ സംഘാടകരിൽ നിന്നും നിശ്ചിത വാടകയും ഈടാക്കാറുണ്ട്.

കാലപ്പഴക്കത്തെ തുടർന്ന് ഇരുമ്പ് തൂണുകൾ ദ്രവിക്കുകയും ടൈലുകൾ പൊട്ടുകയും മേൽക്കൂരയിൽ പല ഭാഗത്തായി തുളകൾ വീണ് ചോർച്ചയുണ്ടാകുകയും ചെയ്തതോടെ മാസങ്ങൾക്ക് മുമ്പാണ് ലക്ഷങ്ങൾ ചെലവഴിച്ച് ടൗൺ സ്ക്വയർ നവീകരിച്ചത്. തൂണുകൾ ബലപ്പെടുത്തുകയും പൊട്ടിയ ടൈലുകൾ മാറ്റുകയും ഗ്രില്ലുകൾ പെയിന്റ് ചെയ്യുകയും മേൽക്കൂരയിലെ ചോർച്ചയുള്ള ഷീറ്റുകൾ മാറ്റുകയും ചെയ്തു.

എന്നാൽ ഇപ്പോൾ കനത്ത മഴയിൽ വേദിയിലും സദസിലുമായി ശക്തമായി ചോർച്ച അനുഭവപ്പെടുകയാണ്. നവീകരണത്തിന് മുമ്പ് മഴവെള്ളം തുള്ളികളായി വീഴുന്ന രീതിയിലുള്ള ചോർച്ച മാത്രമാണ് ഉണ്ടായിരുന്നത്. അശാസ്ത്രീയമായ രീതിയിൽ ഷീറ്റ് സ്ഥാപിച്ചതാണ് വലിയ രീതിയിലുള്ള ചോർച്ചയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം.