കാഞ്ഞങ്ങാട്: നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന രണ്ട് പദ്ധതികൾ രണ്ട് കാരണങ്ങളാൽ കുടുക്കിൽ. കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ പണം കിട്ടാതെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണെങ്കിൽ മുനിസിപ്പൽ ടൗൺ ഹാളിന് സമീപം പണി തീർത്ത ഓപ്പൺ തിയേറ്റർ നിയമക്കുരുക്കിൽ പെട്ടുകിടക്കുകയുമാണ്.
അഞ്ച് കോടി ചെലവിലാണ് ടൗൺ സ്‌ക്വയർ നിർമ്മിതി കേന്ദ്രം ഏറ്റെടുത്ത് നിർമ്മിച്ചത്. ഇതിന്റെ 90 ശതമാനം ജോലിയും പൂർത്തിയായെങ്കിലും ഫണ്ട് ലഭിക്കാത്തത് നിർമ്മിതികേന്ദ്ര പ്രവൃത്തി നിർത്തിവെക്കുന്നതിന് കാരണമായി. ഇതുവരെയുള്ള നിർമ്മാണത്തിന് ചിലവായ തുക നിർമ്മിതികേന്ദ്രക്ക് ലഭിച്ചിട്ടില്ല.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിൽ ഓപ്പൺ തിയേറ്റർ 54 ലക്ഷം ചിലവിട്ടാണ് പണികഴിപ്പിച്ചത്. ഇതിന്റെ നിർമ്മാണവും നിർമ്മിതികേന്ദ്രക്കായിരുന്നു. പണി പൂർത്തീകരിച്ച് കരാറുകാരെ ഏൽപ്പിച്ചുവെങ്കിലും നാളിതുവരെ ഇതിൽ നിന്ന് ഒരു രൂപ പോലും വരുമാനം കരാറുകാരനോ ഡി.ടി.പി.സിക്കോ ലഭിച്ചിട്ടില്ല.
പാലക്കുന്നിലെ അച്യുതനാണ് പ്രതിമാസം 61000 വാടക നിശ്ചയിച്ച് തിയേറ്റർ ഏറ്റെടുത്തത്. അത് പ്രവർത്തിപ്പിക്കുന്നതിന് നഗരസഭ നാളിതുവരെ അനുമതി നൽകിയിട്ടില്ല. കരാറുകാരനാകട്ടെ ഡി.ടി.പി.സിയെയും നഗരസഭയെയും എതിർകക്ഷി ചേർത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.