അരയി:കാഞ്ഞങ്ങാട് നിന്നും അരയിപ്പാലം വഴി പാലക്കാൽ- കാലിച്ചാംപൊതി നീലേശ്വരത്തേക്കും തിരിച്ച് കാഞ്ഞങ്ങാട്ടേക്കും ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ അരയി ഡിവിഷൻ കമ്മറ്റി കാഞ്ഞങ്ങാട് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറു കണക്കിന് ആളുകൾ യാത്ര ചെയ്ത് വരുന്ന ഈ റൂട്ടിൽ നിലവിൽ യാത്ര ദുരിതപൂർണ്ണമായ സാഹചര്യമാണ്. ഓട്ടോയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്ത് കൃത്യ സമയത്ത് സ്കൂളുകളിലും മറ്റ് ജോലിസ്ഥലങ്ങളിലും എത്തിച്ചേരാനാകാതെ വലയുകയാണ് പ്രദേശവാസികൾ. ദിവസേന മൂന്ന് നേരമെങ്കിലും ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി അരയി ഡിവിഷൻ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റും വാർഡ് കൗൺസിലറുമായ മായകുമാരിയാണ് നിവേദനം നൽകിയത്.