kwari

നെടുംപൊയിൽ മാനന്തവാടി ചുരം റോഡ്, കൈലാസംപടി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സംഘം സന്ദർശിച്ചിരുന്നു

കണ്ണൂർ: മഴക്കെടുതി സാരമായി ബാധിച്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം.ഞായറാഴ്ച ജില്ലയിലെത്തിയ സംഘം ഇന്നലെ തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടത്തെ മഴക്കെടുതി നേരിൽ കണ്ട് വിലയിരുത്തി.
എ.ഡി.എം കെ.നവീൻബാബുവിന്റെ നേതൃത്വത്തിൽ കെ.എസ്.ഡി.എം.എ ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, സീനിയർ കൺസൽട്ടന്റ് ഡോ.എച്ച്.വിജിത്ത് എന്നിവരാണ് മാങ്ങാട്ടിടത്തെത്തിയത്.

പഞ്ചായത്തിലെ വട്ടിപ്രം പ്രദേശത്തെ പ്രവർത്തനരഹിതമായ ക്വാറികളും സംഘം എത്തിക്വാറിയിൽ നിന്ന് അതിശക്തമായി വെള്ളം ഒഴുകിയതിനെ തുടർന്ന് നിരവധി വീടുകളിൽ നാശനഷ്ടമുണ്ടായിരുന്നു.ഈ വീടുകളിലെത്തിയ സംഘം വീട്ടുകാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാവിലെ എത്തിയ സംഘം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ , പ്രദേശവാസികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തി. വട്ടിപ്രം വാർഡ് മെമ്പർ എം.റോജ, തഹസിൽദാർ സി പി.മണി, ഡെപ്യൂട്ടി തഹസിൽദാർമാർ സി വി.അഖിലേഷ്, വി.രാജേഷ്, വില്ലേജ് ഓഫീസർ സി രാജീവൻ,ഹസാർഡ് അനലിസ്റ്റ് എസ്.ഐശ്വര്യ, ഡി.എം പ്ലാൻ കോ ഓർഡിനേറ്റർ തസ്ലീം ഫാസിൽ എന്നിവരും ഉണ്ടായിരുന്നു.

ഞായറാഴ്ച എത്തിയ സംഘം തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്, ഇരിട്ടി താലൂക്കിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ്, കേളകം ഗ്രാമ പഞ്ചായത്തിലെ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസംപടി എന്നിവിടങ്ങളും സന്ദർശിച്ചു.

കളക്ടർക്ക് റിപ്പോർട്ട് നൽകും
പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ വിശദമായ റിപ്പോർട്ട് മൂന്ന് ആഴ്ചക്കകം ഡി.ഡി.എം.എ അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം. എ) ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം എത്തിയത്.