കണ്ണൂർ: സ്പിൽ ഓവർ പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ തർക്കം. കോർപ്പറേഷന്റെ അലംഭാവമാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്ന് എൽ.ഡി.എഫ് കൺസിലർമാർ ആരോപിച്ചപ്പോൾ സർക്കാർ ബില്ല് പാസാക്കാത്തതിനാൽ ഫണ്ട് മുറയ്ക്ക് ലഭ്യമാകാത്തതാണ് പദ്ധതി നീളാൻ കാരണമെന്ന് യു.ഡി.എഫ് തിരിച്ചടിച്ചു. പദ്ധതികൾ മുൻകൂട്ടി അംഗീകരിച്ചിരുന്നുവെന്നും ഡെമോ പ്രോജക്ട് എന്ന രൂപത്തിലാണ് ഇതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചതെന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് പറഞ്ഞു.

പുതിയ ബസ് സ്റ്റാൻഡ് ഫുട്പാത്തിൽ സ്വകാര്യ കമ്പനി കൈയേറിയ ഭാഗങ്ങൾ പൊളിച്ച് മാറ്റണമെന്ന് എൽ.ഡി.എഫ് കൗൺസിലർ ടി.രവീന്ദ്രൻ പറഞ്ഞു. ബന്ധപ്പെട്ടവർ കത്ത് നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എന്നാൽ നിലവിലെ സ്ഥിതിയെന്താണെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ മുൻ മേയർ ടി.ഒ.മോഹനന്റെ നേതൃത്വത്തിൽ ഫുട്പാത്ത് നവീകരണുവമായി ബന്ധപ്പെട്ട് മൂന്ന് കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചതാണെന്നും എന്നാൽ സർക്കാരിന്റെ റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി വന്നതോടെ ആ പദ്ധതി കൈയൊഴിയുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ പറഞ്ഞു. മൂന്നേ മുക്കാൽ വർഷം കഴിഞ്ഞിട്ടും റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ അവസ്ഥ എന്താണെന്നും അതുകൊണ്ട് തന്നെ ഫുട്പാത്തുമായി ബന്ധപ്പെട്ട വിഷയം കോർപ്പറേഷന്റെ അലംഭാവമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ബസ് സ്റ്റാൻഡിന്റെ പുറക് വശത്തുള്ള കൈയേറിയ സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും തീരുമാനമായില്ലെന്നും കോർപ്പറേഷൻ സെക്രട്ടറി മറുപടി നൽകി. കോർപ്പറേഷനു വേണ്ടി അമൃത് പദ്ധതിയിൽ തയ്യാറാക്കിയ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാനിന് സർക്കാർ അനുമതി ലഭിച്ചതായി മേയർ മുസ്ലീഹ് മഠത്തിൽ കൗൺസിലിനെ അറിയിച്ചു. ഭരണ സമിതിയുടെ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് സമഗ്ര മാസ്റ്റർ പ്ലാനിന് സർക്കാർ അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. 15 ലക്ഷം രൂപ കോർപ്പറേഷൻ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

ബോട്ടിൽ ബൂത്തിലും ച‌ർച്ച
പ്ലാസ്റ്റിക് സംസ്‌കരണത്തിനായി സ്ഥാപിച്ച ബോട്ടിൽ ബൂത്തുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തിന് 25,000 രൂപ വില ഈടാക്കുന്നുണ്ടെന്നും ഈ തുക വളരെ കൂടുതലാണെന്നും ചെറിയ പ്രദേശങ്ങളിൽ സ്ഥാപിക്കാൻ ഇത്തരത്തിലുള്ള ബോട്ടിൽ ബൂത്തുകൾ ആവശ്യമില്ലെന്നും 5000 രൂപ വിലയുള്ളവ മതിയാകുമെന്നും എൽ.ഡി.എഫ് കൗൺസിലർ എൻ.ഉഷ ചൂണ്ടിക്കാട്ടി. 25,000 രൂപയുടെ ബോട്ടിൽ ബൂത്ത് സ്ഥാപിക്കുവാനാണ് ശുചിത്വമിഷന്റെ നിർദേശമെന്നും 5000 രൂപയുടെ ബോട്ടിൽ ബൂത്ത് തീരദേശം പോലുള്ള പ്രദേശത്ത് സ്ഥാപിക്കാൻ അനുയോജ്യമല്ലെന്നും യു.ഡി.എഫ് കൗൺസിലർ എം.പി.രാജേഷ് മറുപടി നൽകി.


മുൻ മേയർ ഡബിൾ റോൾ അഭിനയിക്കുന്നുണ്ടോയെന്ന് പി.കെ.രാഗേഷ്

കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ പി.കെ.രാഗേഷ്, മുൻ മേയർ ടി.ഒ.മോഹനനെതിരെ ആഞ്ഞടിച്ചു. മുൻ മേയർ ഡബിൾ റോൾ അഭിനയിക്കുന്നുണ്ടോ എന്ന സംശയമുണ്ടെന്നായിരുന്നു ആക്ഷേപം. മേയർ ടൂർ പോയ ദിവസം മേയറുടെ കാർ ഓടിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വിഷയം. ടൂർ പോയ അതേ ദിവസം തന്നെ കാർ കണ്ണോംത്തും ചാൽ, തോട്ടട എന്നീ സ്ഥലങ്ങളിലേക്ക് പോയതായി ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാഗേഷ് ആരോപിച്ചു.