കാഞ്ഞങ്ങാട്: നഗരത്തിന്റെ മുഖഛായ മാറ്റാനുതകുന്ന പുതിയകോട്ട ടൗൺഹാളിന് സമീപം ഡി.ടി.പി.സി സ്ഥാപിച്ച ഓപ്പൺ തിയേറ്ററിന് പ്രവർത്തനാനുമതി നൽകാതെ ഉടക്കിട്ട് കാഞ്ഞങ്ങാട് നഗരസഭ. ഡി.ടി.പി.സിയ്ക്ക് ആറുമാസം മുൻകൂർ വാടകയിനത്തിൽ 3,66000 രൂപ അടച്ചിട്ടും അഞ്ചുമാസം മുമ്പ് നൽകിയ അപേക്ഷേയിൽ തീരുമാനമെടുക്കാതെ ഓപ്പൺ തീയേറ്റർ നടത്തിപ്പ് ഏറ്റെടുത്തയാളെ തട്ടിക്കളിക്കുകയാണ് ഉദ്യോഗസ്ഥർ.
സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിന് കാലതാമസം വച്ചുപൊറുപ്പിക്കില്ലെന്ന് സർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പല തരം ഉടക്കുകൾ വച്ച് നഗരസഭ നൽകേണ്ടുന്ന നടത്തിപ്പ് ലൈസൻസ് അനിശ്ചിതമായി വൈകിപ്പിക്കുന്നത്.അഞ്ചുമാസം മുമ്പ് നൽകിയ അപേക്ഷ പരിശോധിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നാണ് പരാതി.
കാഞ്ഞങ്ങാട് നഗരത്തിന്റെ വലിയ കുറവുകളിലൊന്നായ ഓപ്പൺ തീയേറ്റർ ഡി.ടി.പി.സിയാണ് നിർമ്മിച്ചത്. നിർമ്മിതികേന്ദ്രമായിരുന്നു നിർമ്മാണ ഏജൻസി. ഒരു വർഷം മുമ്പാണ് പ്രവൃത്തി പൂർത്തീകരിച്ച് ഓപ്പൺ തിയേറ്റർ ഡി.ടി.പി.സി കരാറുകാർക്ക് കൈമാറിയത്. പ്രതിമാസം 61,000 രൂപയാണ് വാടകയായി ഡി.ടി.പി.സിക്ക് നൽകേണ്ടത്. ആറുമാസത്തെ വാടക മുൻകൂർ നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതുപ്രകാരം കരാർ ഏറ്റെടുത്ത ഒളിമ്പിക് അസോസിയേഷൻ ജില്ലാസെക്രട്ടറി കൂടിയായ കെ.അച്യുതൻ ഡി.ടി.പി.സിക്ക് 3,66000 രൂപ നൽകുകയും ചെയ്തു.പക്ഷെ കരാർ ഏറ്റെടുത്ത ഘട്ടം തൊട്ട് പലവിധ ഉടക്കുകൾ ഉന്നയിച്ച് ലൈസൻസ് വൈകിപ്പിക്കുകയാണ് നഗരസഭ അധികൃതർ. നഗരസഭ ചെയർപേഴ്സണെ നേരിൽ കണ്ട് സങ്കടം പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നും ഈ സംരംഭകൻ പറയുന്നു.
തുടക്കം മുതൽ ഉടക്ക്
ലൈസൻസ് അനുവദിക്കുന്നതിൽ തുടക്കം തൊട്ട് ചെറിയ കാര്യങ്ങളുടെ പേരിൽ ഉടക്കിടുന്ന നിലപാടാണ് നഗരസഭ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഡി.ടി.പി.സി നിർമ്മിച്ച കഫ്തീരിയയോട് അനുബന്ധമായി ചില ഇരിപ്പിടങ്ങൾ ഒരുക്കിയത് പൊളിച്ചുമാറ്റാതെ ലൈസൻസ് നൽകാൻ സാധിക്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. ഇതനുസരിച്ച് ഇവയടക്കമുള്ള നിർമ്മിതികൾ നീക്കിയ ശേഷവും അപേക്ഷയിന്മേൽ നടപടിയെടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല.
പ്രതീക്ഷയില്ല;നടത്തിപ്പ് ഉപേക്ഷിക്കുന്നുവെന്ന് കരാറുകാരൻ
വ്യവസ്ഥകളെല്ലാം പാലിച്ച് ഡി.ടി.പി.സി ഓൺലൈൻ മുഖേന നൽകിയ അപേക്ഷയിന്മേൽ അഞ്ചുമാസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ പദ്ധതി പൂർണമായും ഉപേക്ഷിക്കുകയാണെന്ന് കരാർ ഏറ്റെടുത്ത മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ജില്ലയിലെ തലയെടുപ്പുള്ള കായികപരിശീലകരിൽ ഒരാളുമായ കെ.അച്യുതൻ പറഞ്ഞു. സാമൂഹ്യ വിരുദ്ധർ താവളമാക്കിയ ടൗൺഹാൾ പരിസരത്തെ സാമൂഹ്യാന്തരീക്ഷം ഓപ്പൺ തിയേറ്റർ വന്നതോടെയാണ് അല്പമെങ്കിലും മെച്ചപ്പെട്ടത്.മുൻകൂർ വാടക ഈടാക്കിയ ഡി.ടി.പി.സിയാണ് തങ്ങൾക്ക് ലൈസൻസ് സമ്പാദിച്ച് തരേണ്ടതെന്നും അച്യുതൻ പറഞ്ഞു.