1

കാസർകോട്: ദേശീയപാത നിർമ്മാണത്തിനായി അശാസ്ത്രീയമായി ഇടിച്ച കുന്ന് ഏതുനിമിഷവും ജീവനെടുക്കാമെന്ന ഭീതിയിൽ കഴിയുന്ന ചെറുവത്തൂർ മട്ടലായിലെ എ.പി രമേശൻ- എം.അനിതാകുമാരി ദമ്പതികളും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ നിവേദനത്തിന് മറുപടി പോലും ലഭിച്ചില്ല. ജില്ലാ കളക്ടർ അടക്കമുള്ളവർ നിവേദനത്തെ അവഗണിച്ചപ്പോൾ ജിയോളിസ്റ്റ് മാത്രമാണ് മറുപടി നൽകിയത്.

മഴയത്ത് ബന്ധു വീടുകളിലേക്ക് താമസം മാറി മാറി നട്ടം തിരിയുകയാണ് ഈ കുടുംബം.തൊട്ടടുത്ത് കുന്നിൻ ചെരുവിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ, സുരേഷ് എന്നീ സഹോദരങ്ങളുടെ വീടും സമാനഭീഷണിയിലാണ്. വയനാട് ദുരന്തം ഉണ്ടായ ദിവസം രാത്രി അഗ്നിരക്ഷാ സേനയും പഞ്ചായത്ത് അധികൃതരും രമേശന്റെ വീട്ടിലെത്തി മാറാൻ ആവശ്യപ്പെട്ടിരുന്നു.ഉദ്യോഗസ്ഥരെ കണ്ട് അന്ന് കുട്ടികൾ അടക്കം ഭയന്നു പോയെന്ന് രമേശൻ പറയുന്നു. സ്വകാര്യ വ്യക്തിയുടെ കുന്നിടിച്ച് മണ്ണ് കടത്തി തങ്ങളെ പെരുവഴിയിലാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിന് പകരം വീട്ടിൽ നിന്ന് തങ്ങളെ ഇറക്കിവിടാനാണ് അധികാരികൾ ധൃതി കാണിക്കുന്നതെന്ന് ഈ കുടുംബം ആരോപിക്കുന്നു. ദേശീയ പാതയുടെ പുനർനിർമ്മാണത്തിനായി രമേശന്റെ അച്ഛനും വയൽ വിട്ടു കൊടുത്തിരുന്നു. സ്ഥലം വിട്ട് കൊടുത്ത് മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയ അയൽവാസി അവശേഷിക്കുന്ന കുന്നിന്റെ മുകളിൽ നിന്ന് മണ്ണെടുക്കാൻ തുടങ്ങിയതോടെയാണ് രമേശന്റെ വീടിന് ഭീഷണിയായത്.ജെ. സി.ബി ഉപയോഗിച്ച് കുന്നിടിച്ച് മണ്ണെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ട രമേശൻ ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചപ്പോൾ കുന്നിന് മുകളിൽ കെട്ടിടം പണിയാൻ പെർമിറ്റ് നൽകിയതായി മനസിലായി. ഈ സ്ഥലം കണക്കിലധികം കുഴിച്ചതോടെ കുന്നിന്റെ ബാക്കി ഭാഗം ഏത് നിമിഷവും രമേശന്റെ വീടിന് മുകളിൽ പതിക്കുമെന്ന സ്ഥിതിയാണ്. സംഭവത്തിൽ 2023 മേയ് 30ന് ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഒരു വർഷം കഴിഞ്ഞിട്ടും മറുപടി പോലും നൽകിയില്ല. 2024 മേയിൽ സബ് കളക്ടർക്കും ആഗസ്ത് രണ്ടിന് ജില്ലാ കളക്ടർക്കും നൽകിയ പരാതിയിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് രമേശൻ പറയുന്നു.

നൽകിയത് ട്രാൻസിറ്റ് പാസുകൾ മാത്രമെന്ന് ജില്ലാ ജിയോളജിസ്റ്റ്

2023 മേയ് 22 ന് ജില്ലാ ജിയോളജിസ്റ്റിന് നൽകിയ പരാതിയിൽ ചെറുവത്തൂർ പഞ്ചായത്ത് അധികൃതർ നൽകിയ കെട്ടിട്ട നിർമ്മാണ അനുമതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്ന ധാതുമണൽ നീക്കം ചെയ്യാനുള്ള ട്രാൻസിറ്റ് പെർമിറ്റ് അനുവദിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കാസർകോട് ജില്ലാ ജിയോളജിസ്റ്റ് കെ.കെ വിജയയുടെ മറുപടി. പരാതി പ്രകാരം ആഗസ്ത് ഒന്നിന് ഓഫീസിൽ നിന്നും സ്ഥലപരിശോധന നടത്തിയതായും മറ്റ് പരാതികൾ തീർപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും അവർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഞങ്ങളുടെ കണ്ണീര് കണ്ടിട്ടും അധികൃതർ അലംഭാവം കാട്ടുകയാണെങ്കിൽ വീട് തകർന്ന് മക്കളോടൊപ്പം മണ്ണിനടിയിൽ അകപ്പെട്ടോട്ടെ.., ഏതാനും സെന്റുകളിൽ കുന്നിന്റെ മുകളിൽ കെട്ടിടം പണിയാനും മണ്ണിടിക്കാനും അനുമതി നൽകിയത് എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയണം. നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കും.

എം.അനിതകുമാരി