moitheen

കൊട്ടിയൂർ: കഴിഞ്ഞ വ്യാഴാഴ്ച ആലപ്പുഴയിൽ നിന്ന് അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കേളകം പൊസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിയൂർ അമ്പായത്തോട്, മേലെ പാൽച്ചുരം, താഴെ പാൽച്ചുരം,രാമച്ചി മേഖലകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.സി.പി.മൊയ്തീൻ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾക്കെതിരെ കേളകം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.ഇതിൽ എ.ടി.എസ് അന്വേഷിക്കുന്ന കേസുകളിലായിരുന്നു തെളിവെടുപ്പ്.

എറണാകുളത്തു നിന്നും കനത്ത സുരക്ഷയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് കൊട്ടിയൂർ അമ്പായത്തോട്ടിൽ എത്തിച്ചത്.തണ്ടർബോൾട്ട് സേനയുടെ സുരക്ഷയിൽ നടന്ന തെളിവെടുപ്പിൽ കേളകം, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പങ്കെടുത്തു.

മൊയ്തീനെതിരെ യു.എ.പി.എ അടക്കം മുപ്പതിലേറെ കേസുകൾ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകകലെ വിവിധ പോലീസ് സ്റ്റേഷനുകളിലായുണ്ട്. 2019 ൽ വയനാട്ടിലെ ലക്കിടി റിസോർട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ സഹോദരനാണ് മൊയ്തീൻ.തുടക്കത്തിൽ വനമേഖല മാത്രം കേന്ദ്രീകരിച്ച മൊയ്തീൻ അടക്കമുള്ള സംഘം ഒരു വർഷത്തിലേറെയായി ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയിരുന്നു. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രചാരണവും, ജനവാസ മേഖലയിൽ ആയുധങ്ങളേന്തിയുള്ള പ്രകടനവും നടത്തി പൊലീസിന് വെല്ലുവിളികൾ ഉയർത്തി.ഇതിനിടെ വനം വകുപ്പും പൊലീസുമായും ഏറ്റുമുട്ടുകയും ചെയ്തു. ജനവാസ മേഖലയിൽ ലഘുലേഖ പതിച്ച് സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്തത് മൊയ്തീന്റെ നേതൃത്വലായിരുന്നു.

കേന്ദ്രം ആറളം ,​കൊട്ടിയൂർ വനമേഖല

പേര്യ, ആറളം, കൊട്ടിയൂർ വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ കഴിഞ്ഞ നാളുകളിലെ പ്രവർത്തനം കമ്പമല കേന്ദ്രീകരിച്ചായിരുന്നു. ആഴ്ചകൾക്ക് മുമ്പ് കുഴിബോംബുകൾ കണ്ടെത്തിയതോടെ വനമേഖല കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയതോടെയാണ് മൊയ്തീനും സംഘവും കാടിറങ്ങിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മൊയ്തീൻ 2017 മുതലാണ് വയനാട്, കണ്ണൂർ ജില്ലകളിൽ മാവോവാദി പ്രവർത്തനങ്ങളിൽ സജീവമായത്.

മാവോയിസ്റ്റ് ഗ്രൂപ്പുകളെ ഇല്ലാതാക്കാനായെന്ന് എ.ടി.എസ്

കബനീദളം മാവോയിസ്റ്റ് ഗ്രൂപ്പിന്റെ ദക്ഷിണമേഖല കമാൻഡർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സി.പി.മൊയ്തീനും പിടിയിലായതോടെ കേരളത്തിൽ ഈ ഗ്രൂപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കുവാൻ കഴിഞ്ഞുവെന്ന വിശ്വാസത്തിലാണ് എ.ടി.എസ്. ആലപ്പുഴയിൽ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി സി.പി.മൊയ്തീൻ എ.ടി.എസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം കാടിറങ്ങിയ മൊയ്തീൻ ഉൾപ്പെട്ട നാലംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്നു പേരെയും എ.ടി.എസ് പിടികൂടിക്കഴിഞ്ഞു. സംഘത്തിലെ മനോജിനെ എറണാകുളത്തു നിന്നും സോമനെ ഷൊർണൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.ഒരു മാസത്തിനിടെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖല കേന്ദ്രീകരിച്ചിരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിൽ തമിഴ്നാട് സ്വദേശി സന്തോഷ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇയാൾ കേരളം വിട്ടതായാണ് നിഗമനം.

പടം :അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അമ്പായത്തോടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ