നാല്പത്തിയെട്ടു മണിക്കൂറിനിടെ 572 മില്ലി മീറ്റർ മഴ! ആ മഴത്തണുപ്പിൽ പുതച്ച് ഒരുറക്കം ഉറങ്ങിയെഴുന്നേൽക്കും മുമ്പ് ജീവനും ജീവിതവും നിലച്ചുപോയവർ. മരണം മലയിറങ്ങിയ സമയം ജൂലായ് 30 പുലർച്ചെ ഒരുമണി. പിന്നീട് ഇന്നുവരെ, എത്ര രാപ്പകലുകൾ! ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവരെ തിരയുന്ന നിലവിളികൾ. മണ്ണിനു മുകളിൽ നിലച്ചുപോയ ക്ലോക്കുകൾ വീണുകിടപ്പുണ്ടായിരുന്നു. ഉരുൾ നിശ്ചലമാക്കിയ ദുരന്ത ജീവിതത്തിന്റെ ഏഴാം നാളിൽ, ഇരച്ചെത്തിയ ചെളിക്കൂമ്പാരത്തിൽ നിന്ന് തിരിച്ചുകിട്ടിയ ആഭരണപ്പെട്ടി തുറന്ന് പ്രിയപ്പെട്ട സ്വർണച്ചെയിൻ വാച്ച് പുറത്തെടുത്ത് സിനി കയ്യിലണിഞ്ഞപ്പോൾ അതിൽ സമയസൂചി കറങ്ങുന്നുണ്ടായിരുന്നു. മൂന്ന് പി.എം.
കഠിന യാഥാർത്ഥ്യങ്ങളുടെ ഒഴുക്കിനെതിരെ നീന്തി ജീവിതം പച്ചപിടിപ്പിച്ച ജനതയാണ്. സഹായഹസ്തങ്ങളുടെ കച്ചിത്തുരുമ്പിൽ അവർക്ക് പിടിച്ചുനിന്നേ പറ്റൂ. മലവെള്ളത്തിൽ നിന്ന് പിടിച്ചുകയറി കാട്ടാനക്കൂട്ടത്തിന്റെ കാൽക്കീഴിലൂടെ, വിഷപ്പാമ്പുകളിഴയുന്ന കാട്ടുതാഴ്‌വാരങ്ങളിലൂടെയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ശേഷിച്ചവർ ജീവനോടെ രക്ഷപ്പെട്ടത്. ബ്രിട്ടീഷുകാർ തേയിലത്തോട്ടങ്ങളിലേക്ക് അടിമപ്പണിക്കായി എത്തിച്ചവരുടെ പിൻതമുറക്കാരാണ് അവർ. തൊഴിലെടുത്ത് സ്വരൂക്കൂട്ടിയ നാണയത്തുട്ടുകളുപയോഗിച്ച് അവർ അമ്പലങ്ങളും പള്ളികളും റോഡുകളും വിദ്യാലയങ്ങളും പണിതു. മറ്റേതു ജനതയെയും പോലെ സാംസ്‌കാരികമായും സാമൂഹികമായും ജീവിച്ചു. ഇപ്പോൾ പള്ളിയുമില്ല, അമ്പലവുമില്ല. വിദ്യാലയവും വഴികളും സമ്പാദ്യവുമില്ല. മറ്റൊരു നാട്ടിൽ പിറന്നുവീണതുപോലെ പുതുതായി ജീവിച്ചേ പറ്റൂ. അപ്പോഴും ഓർമ്മകളുടെ ഭൂമിയിൽ അവരുടെ പ്രിയപ്പെട്ടവരായിരുന്ന കുറേ മനുഷ്യർ മണ്ണിൽ പുതഞ്ഞു കിടക്കുകയാണ്. എന്തൊരു വിധിയാണ്!
മുണ്ടക്കൈ പി.ഒ
673 577
നാനൂറോളും കുടുംബങ്ങളുടെ വിലാസമാണിത്. ഇതിൽ പലർക്കും പുത്തുമലയിലെ 65 സെന്റ് ഭൂമിയിലെ കുഴിമാടങ്ങളിൽ സ്ഥാപിച്ച അടയാളക്കല്ലിൽ കറുത്ത അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ നമ്പറുകളാണ് ഇനി വിലാസം. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല.... ഒരു വഴിത്താരയിലൂടെ സഞ്ചരിച്ചവർ മരണത്തിലും ഒന്നിച്ചൊഴുകിയിരിക്കുന്നു, റേഷൻ കട, ബാങ്ക്, പാൽ സൊസൈറ്റി, ബാർബർ ഷാപ്പ്... മനുഷ്യജീവിതത്തിന്റെ അടയാളങ്ങളായിരുന്ന ഒന്നും ഇനി ബാക്കിയില്ല. അവസാന ട്രിപ്പിൽ ദുരന്തത്തിലേക്കു ടിക്കറ്റെടുത്തവർ എത്രയെന്നു പോലുമറിയാതെ ചൂരൽമലയിലെ ഹാൾട്ടിംഗ് സ്‌റ്റേഷനിൽ മൂകസാക്ഷിയായി ഒരു കെ.എസ്. ആർ.ടി.സി ബസ്. പട്ടാളം നിർമ്മിച്ച ബെയ്‌ലി പാലത്തിലൂടെ അതിജീവനത്തിന്റെ ഡബിൾ ബെൽ മുഴക്കി കഴിഞ്ഞ ദിവസം ആ ബസ് കടന്നുപോയ ദൃശ്യം ഒരു പ്രതീക്ഷയാണ്. ആ ബസ്, ഓരോ ദിവസവും സർവീസ് അവസാനിപ്പിച്ചിരുന്ന മുണ്ടക്കൈ എന്ന ചെറുപട്ടണം ഇപ്പോഴില്ല. സഞ്ചാരികളെത്തിയിരുന്ന സീതാക്കുണ്ട് വെള്ളച്ചാട്ടവും സുഖവാസ കേന്ദ്രങ്ങളുമില്ല. എങ്കിലും എന്നെങ്കിലും ഈ ജനത പതിയെ ജീവിതത്തിലേക്ക് ടിക്കറ്റെടുക്കുമെന്ന പ്രതീക്ഷ.
കരഞ്ഞു കണ്ണീർ
വറ്റിയവർ
കൺമുന്നിൽ കാണുമ്പോഴാണ് വേദനകൾക്ക് ആഴം കൂടുന്നത്. അങ്ങനെയൊരു കാഴ്ചയുണ്ടായിരുന്നു. മേപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിക്കു മുന്നിലേക്ക് ഒരു കുഞ്ഞിന്റെ മുതദേഹം കൊണ്ടുവന്നു എന്നറിയുമ്പോൾ ഓടിയെത്തുന്നത് നിരവധി പേരാണ്. അത് അവരുടെ കുടുംബത്തിലെ കുഞ്ഞാണോ എന്നറിയാൻ. ഒരമ്മയുടേതല്ല, ഒരുപാട് അമ്മമാരുടെ കൂട്ടക്കരച്ചിൽ.
സ്‌നേഹംകൊണ്ടും അറിവുകൊണ്ടും വെറുപ്പു കൊണ്ടും മനുഷ്യർ നേടിയതെല്ലാം കവരാൻ പ്രകൃതിക്ക് ഒരുനിമിഷം മതി. മലവെള്ളത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നു കിട്ടിയ ചെളി പുരണ്ട ഓട്ടോഗ്രാഫിലെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'ഡിയർ റാഫി, നിന്റെ മനസാകുന്ന ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഞാൻ എന്നും ഉണ്ടാകണം. പ്രതീക്ഷയോടെ...."
തിരച്ചിലിനിടയിൽ ഒരു വീടിന്റെ ഷെൽഫിൽ നിന്നു കിട്ടിയ പരാതിക്കടലാസിലെ വിഷയം, വേലിക്കല്ലുകൾ അയൽക്കാരന്റെ പറമ്പിലേക്ക് കയറ്റിവച്ചതിനെക്കുറിച്ചായിരുന്നു! വേലിക്കല്ലും ആ രണ്ടു പറമ്പുകളും മൃതിയുടെ താഴ്‌വരയിൽ അതിരുകളില്ലാതെ ലയിച്ചുകിടക്കുന്നു. പഠിച്ചിട്ടും നമ്മൾ തിരിച്ചറിയാത്ത പ്രകൃതി എന്ന പാഠപുസ്തകത്തിന്റെ അടയാളമായി മുണ്ടക്കൈയിലെ ചെളിക്കൂമ്പാരത്തിൽ കണ്ടിരുന്നു, പ്ലസ് വൺ ഭൂമിശാസ്ത്ര പുസ്തകത്തിന്റെ ചെളി മൂടിയ പുറംചട്ട. മണ്ണിനടിയിൽ നിന്നു കിട്ടിയ ഒരു കല്യാണ ആൽബമായിരുന്നു ഒരു അമൂല്യവസ്തു. ഒരു നാട് ഒരുമിച്ചു കഴിഞ്ഞ നാളുകളിലെ ആഹ്ളാദ നിമിഷങ്ങൾ അതിലുണ്ടായിരുന്നു...
ഓർമ്മയിലെ
ചാവുപുഴ
കനത്ത മഴയും മഞ്ഞുമായി മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്ന ആംബുലൻസുകളുടെ സൈറൺ തലയ്ക്കകത്ത് ഒരു മൂളലായി കുറേക്കാലത്തേക്കു കൂടി ബാക്കിയുണ്ടാകും. മേപ്പാടി ടൗണിൽ നിന്ന് 13 കിലോമീറ്ററാണ് ചൂരൽമലയിലേക്ക്. അവിടെയൊരു പാലമുണ്ടായിരുന്നു. അതു കടന്ന് വലത്തോട്ട് മുണ്ടക്കൈ. ഇടത്തോട്ട് അട്ടമല. ചുറ്റും തേയിലത്താഴ്‌വര. വെള്ളോലി മലയുടെ ഒരു ഭാഗമാണ് അടർന്നു വീണത്. വലിയൊരു കെട്ടിടത്തോളം വലുപ്പമുള്ള പാറക്കല്ലുകൾ. സുന്ദരമായ പ്രദേശങ്ങൾ മുഴുവൻ മണ്ണിലമർന്നു. ഇനിയെങ്ങനെ ആ ദേശത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കും?ചാലിയാർ ഇനി വയനാട്ടുകാർക്ക് ചാവുപുഴയാണ്. നിലംപൊത്തും മുമ്പ് മരണപ്രവാഹത്തെ വെള്ളാർമല സ്കൂളൾ ആവുംവിധം തടഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോഴത്തേതിലും എത്രയോ ഇരട്ടി ഭീകരമാകുമായിരുന്നു, ദുരന്തം!
പ്രകൃതിയെക്കുറിച്ച് ഒരു കുഞ്ഞുമനസിൽ തോന്നിയ ആശങ്കകളാണ്, വെള്ളാർമല സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ കഴിഞ്ഞ വർഷം തയ്യാറാക്കിയ 'വെള്ളാരംകല്ലുകൾ" എന്ന ഡിജിറ്റൽ മാഗസിനിൽ ലയ മോൾ എഴുതിയ ചെറുകഥ. 'കുളിരരുവിയുടെ തീരത്ത്"എന്നു പേരിട്ട കഥയിൽ വരാൻപോകുന്ന ഒരു ഉരുൾപൊട്ടലിന്റെ മുന്നറിയിപ്പുമായി ഒരു കിളിയെത്തുന്നുണ്ട്. കിളി പറഞ്ഞു: 'ആപത്തു വരാൻ പോകുന്നുണ്ട് കുട്ടികളേ.... നിങ്ങൾ വേഗം രക്ഷപ്പെട്ടോ..." പണ്ടൊരു ഉരുൾപൊട്ടലിൽ മരിച്ച ഒരു പെൺകുട്ടിയുടെ ആത്മാവായിരുന്നു ആ കിളി. ലയ മോൾ മരണക്കയത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അവളുടെ പ്രിയപ്പെട്ട അച്ഛനെ മരണം തട്ടിയെടുത്തു.
ഉറപ്പിച്ചു പറയാം; മാദ്ധ്യമങ്ങളിൽ കണ്ട ചിത്രങ്ങളിലും ദൃശ്യങ്ങളിലുമൊന്നും ഉള്ളതല്ല വയനാട് ദുരന്തത്തിന്റെ വ്യാപ്തി. അത് ഇരകളായ മനുഷ്യരുടെ മനസ്സിലാണ്. അവരെ പുനരധിവസിക്കാൻ കഴിയുമായിരുക്കും. വീട് നിർമ്മിച്ചുകൊടുക്കാൻ സാധിക്കും. അവരുടെ മനസിലെ ഓർമ്മകൾ മായാത്തിടത്തോളം അതൊരു കെട്ടിടം മാത്രമായിരിക്കും- വീടാകില്ല. വല്ലാത്തൊരു ശൂന്യത അവിടെ ഇപ്പോഴും ബാക്കിയാണ്. ആ മണ്ണിനടിയിൽ ഒരുപാടു പേർ ശേഷിക്കുന്നു. അവരെക്കുറിച്ചോർക്കുമ്പോൾ ഇനി അവിടെ നൊമ്പരമഴ മാത്രമേ പെയ്യൂ. സങ്കടത്തിന്റെ കനത്ത മഞ്ഞു മാത്രമേ പൊതിയൂ...