കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്‌സൈസ് വകുപ്പും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധയിൽ 34.560 ലിറ്റർ കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ. 192 ടെട്രാ പായ്ക്കറ്റ് മദ്യവുമായി തളിപ്പറമ്പ് കൂവേരിയിലെ കെ.എം.ഗോവിന്ദനാണ് അറസ്റ്റിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ.സന്തോഷിന്റെയും ആർ.പി.എഫ് ,എസ്.ഐ എൻ.കെ. ശശിയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ വച്ചാണ് ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും ട്രെയിനിൽ കടത്തി കൊണ്ടുവന്നതായിരുന്നു മദ്യം. പരിശോധകസംഘത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.എച്ച്.റിഷാദ്, സിവിൽ എക്‌സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബു,എം.പി.ഷമീന,ആർ.പിഎഫ് എ.എസ്.ഐ സഞ്ജയ് കുമാർ, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ്കുമാർ, രാമകൃഷ്ണൻ, സി അബ്ബാസ് എന്നിവരും ഉണ്ടായിരുന്നു.