photo-1-

കണ്ണൂർ:നഗരത്തിന്റെ മുക്കിലും മൂലയിലും അനധികൃത ബങ്കുകൾ (പെട്ടികടകൾ) വ്യാപകമാകുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇവയ്ക്കെതിരെ കോ‌ർപ്പറേഷൻ മുന്നറിയിപ്പ് ആവർത്തിക്കുമ്പോഴും പലയിടങ്ങളിലും നിർബാധം പുതിയ ബങ്കുകൾ തുറന്നുപ്രവർത്തിക്കുകയാണ്.ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരം,മുനീശ്വരൻ കോവിൽ, കവിതാ തീയേറ്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബങ്കുകൾ കോർപറേഷൻ ഉദ്യോഗസ്ഥർ നീക്കിയിരുന്നു

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബങ്കുകൾ എത്രയും വേഗം നീക്കം ചെയ്യാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിനും റവന്യൂ വിഭാഗത്തിനും നിർദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ പൊലീസിന്റെ സേവനം തേടാനും കൗൺസിൽ തീരുമാനമുണ്ട്. ഇത്തരം അനധികൃത ബങ്കുകൾ എത്രയും വേഗം നീക്കണമെന്ന നിലപാടിലാണ് പൊലീസും.

ഇന്നലെ നീക്കം ചെയ്ത പെട്ടിക്കടകൾ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് നീക്കി. റോ‌ഡരികിൽ ഉൾപ്പെടെ അനധികൃതമായി പ്രവർത്തിക്കുന്ന ബങ്കുകൾ കാൽനടയാത്രക്കാർക്ക് ഉൾപ്പെടെ വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.റോഡ് കൈയേറിയുള്ള നിർമ്മാണം ഗതാഗത കുരുക്കിനും ഇടയാകാറുണ്ട്.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.സുധീർ ബാബു,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി ആർ.സന്തോഷ് കുമാർ, എ. വി.ജൂനറാണി, ഇ.എസ്.ഷഫീർ അലി എന്നിവർ നടപടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് അധികൃതർ പറഞ്ഞു.

പയ്യാമ്പലത്ത് മാത്രം 70 അനധികൃത ബങ്കുകൾ
കാൽനടയാത്ര പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ പയ്യാമ്പലത്ത് 70 ബങ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഡിസംബറിൽ നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആരോപണമുയർന്നിരുന്നു. ഇതര സംസ്ഥാനത്തുള്ളവർ ഉൾപ്പെടെ ബങ്കുകൾ സ്ഥാപിക്കുന്നുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം.

കോടതി പറഞ്ഞിട്ടും നടപ്പാകുന്നില്ല

കാൽനട, വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പാതയോരങ്ങളിൽ മുളച്ചുപൊന്തുന്ന അനധികൃത പെട്ടിക്കടകൾ നീക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി തന്നെ അഭിപ്രായപ്പെട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെയോ മറ്റ് അധികൃതരുടെയോ അനുമതിയില്ലാതെ റോഡരികിലും നടപ്പാതയിലും അനധികൃതമായി ബങ്കുകൾ സ്ഥാപിക്കുന്നത് വ്യാപകമായതിന്റെ പശ്ചാത്തലിത്തിലായിരുന്നു കോടതി ഇടപെടൽ. ഇത്തരം അനധികൃത സംവിധാനങ്ങൾക്കെതിരെ സർക്കാറും തദ്ദേശസ്ഥാപനങ്ങളും നടപടിയെടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.

ഫുട്പാത്ത് ബങ്കുകൾക്ക്;

കാൽനട റോഡിൽ

നിയമനടപടി നേരിടുമെന്ന ഘട്ടത്തിൽ ഉരുട്ടിക്കൊണ്ടുപോകാൻ കഴിയുന്ന ബങ്കുകളാണ് സ്ഥാപിക്കപ്പെടുന്നത്.എന്നാൽ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞ് കാലക്രമേണ പെട്ടിക്കട അവിടെത്തന്നെ ഉറപ്പിക്കുകയാണ് പൊതുരീതി. വേണ്ടത്ര സ്ഥലമില്ലാത്ത പാതയോരങ്ങളിലും നടപ്പാതകളിലും ഇത്തരം ബങ്കുകൾ കാരണം കാൽനടക്കാർക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നു.യാത്രക്കാരുടെ ജീവന് തന്നെ ഇത് ഭീഷണി സൃഷ്ടിക്കുകയാണ്.