പയ്യന്നൂർ : ദേശീയപ്രസ്ഥാനകാലത്തും അതിനുമുമ്പുമടക്കം അതിസമ്പന്നമായ ചരിത്രവും സാംസ്കാരിക മേൽവിലാസവുമുള്ള പയ്യന്നൂർ നഗരത്തിൽ നല്ലൊരു സാംസ്കാരിക പരിപാടി സംഘടിപ്പിക്കാൻ ഇനിയും ഒരു സ്ഥലമില്ല. സംസ്ഥാനത്ത് തന്നെ ടൗൺഹാൾ പോലുള്ള സംവിധാനമില്ലാത്ത അപൂർവനഗരസഭകളിൽ ഒന്നാണ് കണ്ണൂർ ജില്ലയുടെ സാംസ്കാരികതലസ്ഥാനമെന്ന് കൂടി വിശേഷിപ്പിക്കപ്പെടുന്ന ഈ നഗരം.
ഗാന്ധി പാർക്ക്, ടൗൺ സ്ക്വയർ എന്നീ ഓപ്പൺ സ്റ്റേജ് സൗകര്യമല്ലാതെ അമ്പതുപേർക്കെങ്കിലും കൂടിച്ചേർന്നിരുന്ന് ഒരു സാംസ്കാരിക പരിപാടി നടത്താൻ നിലവിൽ പയ്യന്നൂരിൽ ഇടമില്ല. ടൗൺ ഹാൾ നിർമ്മിക്കാൻ ആവശ്യപ്പെട്ട് സാംസ്കാരിക - സാമൂഹ്യസംഘടനകൾ പലതവണ നഗരസഭ ഭരണസമിതിയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെങ്കിലും ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല. തുറന്ന സ്റ്റേജുകളിൽ രാഷ്ട്രീയപാർട്ടികളുടെ പരിപാടികളാണ് കൂടുതലും നടക്കുന്നത്. ഗാന്ധി പാർക്കിലെയും ടൗൺ സ്ക്വയറിലെയും തുറന്ന സ്റ്റേജിൽ മഴയില്ലെങ്കിൽ പോലും തടസങ്ങൾ ഏറെയുണ്ട്. കസേര , പന്തൽ , ശബ്ദ സംവിധാനം എന്നിവയ്ക്ക് വലിയ തുക തന്നെ സംഘാടകർ കരുതേണ്ടിവരും. രാഷ്ട്രീയപാർട്ടികൾ തുറന്ന സ്റ്റേജിന്റെ സൗകര്യം പരമാവധി ഉപയോഗിക്കുന്നതിനാൽ സാംസ്കാരികപരിപാടികൾ നടത്തുന്നതിന് സൗകര്യമൊരുക്കണമെന്ന കാര്യത്തിൽ സമ്മർദ്ദം ചെലുത്തുന്നില്ല.
മറ്റ് നഗരസഭകളിൽ പരിപാടികൾ സംഘടിപ്പിക്കാൻ ചെറുതും വലുതുമായ ഹാളുകളുമുണ്ട്. വിവിധോദ്ദേശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന നൂറും ഇരുന്നൂറും ഇരിപ്പിടങ്ങളടങ്ങിയ ദൃശ്യ,ശ്രാവ്യസംവിധാനങ്ങളുള്ളവയാണ് ഈ ഹാളുകൾ. ഗാന്ധി മൈതാനം ഗാന്ധിപാർക്കാക്കി പരിവർത്തനപ്പെടുത്തിയ പഴയ സ്റ്റേജ് ഒരു ചെറുഹാളായി മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും ആർട്ട് ഗാലറിക്കായി ഇത്
വിട്ടുകൊടുക്കുകയായിരുന്നു.
സ്കൂൾ ഓഡിറ്റോറിയങ്ങളും കിട്ടില്ല
പയ്യന്നൂരിൽ പതിനായിരങ്ങൾ ചെലവിടാതെ ഒരു സംഘടനയ്ക്കും ഒരു സാംസ്കാരിക പരിപാടിയും നടത്താൻ സാധ്യമല്ലാത്ത അവസ്ഥയാണുള്ളതെന്ന് അനുഭവസ്ഥർ പറയുന്നു. മറ്റു പരിപാടികൾക്ക് വിട്ടുകൊടുക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതോടെ സ്കൂൾ ഓഡിറ്റോറിയങ്ങളും ഇപ്പോൾ കിട്ടാനില്ല.
സാംസ്കാരികവകുപ്പ് കനിയണം
പതിനാല് ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ മികച്ച സൗകര്യങ്ങളുള്ള സാംസ്കാരിക നിലയങ്ങൾ നിർമ്മിക്കാൻ സർക്കാർ 50 കോടി വീതം ബഡ്ജറ്റിൽ നീക്കിയിരുന്നു.വിദൂരഗ്രാമങ്ങളെയാണ് പലയിടത്തും അനുവദിച്ചതെന്ന ആക്ഷേപവും ഇതോടനുബന്ധിച്ച് ഉയർന്നതാണ്. ഇതിന് പകരം ജില്ലയിലെ പ്രധാന നഗരങ്ങളിൽ വിവിധോദ്ദേശ ഹാളുകൾ നിർമ്മിക്കുന്നതാകും ഗുണകരമെന്നതായിരുന്നു വിമർശനം.
സാംസ്കാരികകേന്ദ്രം നിർമ്മിക്കാൻ പയ്യന്നൂർ ടൗണിനടുത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താനായിട്ടില്ല. മൂരിക്കൊവ്വലിൽ സ്വകാര്യ വ്യക്തിയുടെ രണ്ടര ഏക്കർ സ്ഥലം വില്പനയ്ക്കുണ്ടെങ്കിലും വില സംബന്ധിച്ച് യോജിപ്പിലെത്തിയിട്ടില്ല.പാർക്കിംഗ് ഉൾപ്പെടെ മിനിമം ഒരു ഏക്കറെങ്കിലും ലഭ്യമായാൽ മാത്രമെ ടൗൺ ഹാൾ നിർമ്മിക്കുവാനാകു. ടൗണിൽ നിന്ന് മാറി സ്ഥലം ലഭിക്കാനുണ്ടെങ്കിലും ഇത് പ്രയോജനകരമല്ല.സ്വാമി ആനന്ദ തീർത്ഥന്റെ പേരിൽ പയ്യന്നൂരിൽ സാംസ്കാരികനിലയം സ്ഥാപിക്കുന്നതിന് 10 കോടി നീക്കിവെച്ചിട്ടുണ്ട്. സ്ഥലം ലഭ്യമായാൽ ഉടൻ നിർമ്മാണം തുടങ്ങും- നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത