daily

കണ്ണാടിപ്പറമ്പ്:നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന വെണ്ടോട് വയൽ പാലം തകർന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മാണത്തിന് വഴി തെളിഞ്ഞില്ല. കേന്ദ്ര ധനകാര്യ ഫണ്ടായ നഗരസഞ്ജയ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കപ്പെട്ട പാലത്തിന്റെ പുനർനിർമ്മാണത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്.
നാറാത്ത് പഞ്ചായത്ത് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ മുഖേനയാണ് നഗരസഞ്ജയ പദ്ധതി സഹായം ലഭിക്കേണ്ടത്. പാലത്തിനായി 41ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.ഇതിന് പ്രവർത്തനാനുമതിയുമായി. ബി.സി. കം ബ്രിഡ്ജാണ് ഇവിടെ നിർമ്മിക്കേണ്ടത്. ഉപ്പുവെള്ളം കയറുന്നത് തടയാൻ തടയണ ഉൾപ്പെടെ നിർമ്മിക്കുന്നതിന് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് സാങ്കേതികതകൾ പൂർത്തിയാക്കിയത്.എന്നാൽ ഫണ്ട് ലഭിക്കാത്തതിനാൽ ടെൻഡർ തുടങ്ങാൻ സാധിച്ചിട്ടില്ല.

നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കാൽനടയായും മറ്റും സഞ്ചരിക്കുന്ന ഈ വഴിയിൽ എത്രയും പെട്ടെന്ന് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടും തകർന്ന പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഇതുകാരണം തകർന്ന പാലം കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു.

വെണ്ടോട് പാലം

കണ്ണാടിപ്പറമ്പിലെ പുലൂപ്പി നിവാസികൾക്ക് പുതിയതെരുവിൽ എത്തിച്ചേരുന്നതിനുളള എളുപ്പ വഴിയാണ് വെണ്ടോട് വഴി കാട്ടാമ്പള്ളി പാലത്തിന് സമീപമെത്തുന്ന സമീപം വരെയുള്ള വെണ്ടോട് വയൽ റോഡ്. രണ്ട് കിലോമീറ്റർ നീളമുള്ള റോഡിലുള്ള രണ്ട് പാലങ്ങളിൽ ഒന്നാണ് തകർന്നത്. നാറാത്ത്

"പാലം അപകടാവസ്ഥയിൽ ആയ ഉടനെ തന്നെ പുന നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഞ്ചായത്ത് തല നടപടി സ്വീകരിച്ചിരുന്നു . പാലം നിർമ്മാണത്തിന് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ മുഖേന കേന്ദ്ര ഫണ്ടായ നഗര സഞ്ജയ പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം ലഭിക്കുന്നതിന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട് ഫണ്ട് ലഭിച്ച ഉടനെ എത്രയും പെട്ടെന്ന് പാലത്തിൻ്റെ പണികൾ ആരംഭിക്കും. എത്രയും പെട്ടെന്ന് ഫണ്ട് ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ് ".

കെ. രമേശൻ

പ്രസിഡൻ്റ്

നാറാത്ത് ഗ്രാമ പഞ്ചായത്ത്