കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രാ ദുരിതം പരിഹാരമില്ലാതെ തുടരുകയാണ്. കണ്ണൂർ കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് റദ്ദാക്കിയതോടെ യാത്രക്കാർ പലരും പെരുവഴിലായി. മലബാറിലെ വരുമാന കണക്കിൽ അഭിമാനം കൊള്ളുമ്പോഴാണ് റെയിൽവേയുടെ ഈ അവഗണന.

ഹ്രസ്വദൂര യാത്രക്കാർക്ക് ഉപകാരപ്പെടും വിധം കണ്ണൂരിൽ നിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്ന അവസാന ട്രെയിൻ വൈകുന്നേരം 3.10നാണ്. 6.15നുള്ള പരശുറാം ട്രെയിനിന് പ്രധാന നഗരങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. മറ്റ് ദീർഘദൂര ട്രെയിനുകളിലാവട്ടെ റിസർവ്ഡ് കമ്പാർട്ട്‌മെന്റുകൾ മാത്രവും. ജനറൽ കമ്പാർട്ട്‌മെന്റോ പാസഞ്ചർ ട്രെയിനുകളോ പിന്നെയില്ല. പല ആവശ്യങ്ങൾക്കായി കാസർകോട് - മംഗളൂരു ഭാഗങ്ങളിൽ നിന്ന് കണ്ണൂരിലെത്തുന്ന യാത്രക്കാർക്ക് രാത്രി തിരിച്ചുപോകാൻ അൺ റിസർവ്ഡ് ട്രെയിനുകളില്ലാത്തതിനാൽ പ്രത്യേകം മുറികളെടുത്ത് താമസിക്കേണ്ട ദുരവസ്ഥ വരെയുണ്ടാവുന്നു. യാത്രാ പ്രയാസം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് വിദ്യാർത്ഥികൾ, സ്ത്രീകൾ, രോഗികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സാധാരണ യാത്രക്കാരാണ്.

യാത്രക്കാരുടെ പ്രയാസങ്ങൾ നിവേദനം വഴിയും ജനപ്രതിനിധികൾ മുഖേനയും റെയിൽവേ അതികൃതരെ അറിയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ സർക്കാരിന്റെയോ റെയിൽവേയുടെയോ ഭാഗത്തുനിന്ന് വേണ്ട വിധത്തിലുള്ള നടപടികൾ ഇതുവരെയുണ്ടായിട്ടില്ല.

ദേശീയപാത നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര പ്രയാസമാണ്. മഴക്കാലമായതിനാൽ അതിലേറെ ദുഷ്‌കരമാവുന്നു. പെട്രോൾ -ഡീസൽ വില വർദ്ധനവ് കാരണം സ്വന്തം വാഹനങ്ങളെപ്പോലും ആശ്രയിക്കാൻ പറ്റാതെയായി.

യാത്രക്കാരുടെ ആവശ്യങ്ങൾ
. കണ്ണൂർ-കാസർകോട് ഭാഗത്തേക്ക് മെമു സർവീസുകൾ അനുവദിക്കണം
. കണ്ണൂർ-ചെറുവത്തൂർ ട്രെയിൻ കാസർകോട് വരെ നീട്ടണം
. വെട്ടി കുറച്ച ജനറൽ കമ്പാർട്ട്‌മെന്റുകൾ തിരികെ കൊണ്ടുവരണം

നിവേദനങ്ങൾ പലതും റെയിൽവേ പാസഞ്ചർ അസോസിയേഷൻ ഡിവിഷൻ മാനേജർക്ക് നൽകിയിട്ടുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കുകയാണെങ്കിൽ കണ്ണൂർ -ചെറുവത്തൂർ എക്സ്പ്രസ് പോലുള്ള ട്രെയിനുകൾ കാസർകോട് - മംഗളൂരു ഭാഗങ്ങളിലേക്ക് നീട്ടാൻ സാധിക്കും. ഇപ്പോൾ ഒരു ട്രെയിൻ തന്നെയാണ് കണ്ണൂർ ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും മാറി ഇടുന്നത്.


സി.സി.അഹമ്മദ് നിസാർ,
കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ

ആഴ്ചയിൽ രോഗികളെയും കൊണ്ട് ഞാൻ മംഗളൂരു വരെ പോകാറുണ്ട്. സൗകര്യപ്രദമായ ലോക്കൽ ട്രെയിനുകൾ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. ഉള്ള ലോക്കൽ ട്രെയിനിൽ കാലുകുത്താൻ ഇടമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ഒരു കാലിൽ നിന്നുകൊണ്ട് കണ്ണൂരിൽ നിന്നും മംഗളൂരു വരെ പോകേണ്ടിവന്നു.

യേശുദാസ് പാറയ്ക്കപ്പാറ, ഇരിട്ടി

രാവിലെ 11 മണിമുതൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണ്. മംഗളൂരു ഭാഗത്തേക്ക് പോകാൻ 2.15 ന് മാത്രമാണ് ട്രെയിൻ ഉള്ളത്. തിരക്ക് കാരണം കയറാനാകുമോ എന്നും അറിയില്ല. ലോക്കൽ ട്രെയിനുകളുടെ എണ്ണം കൂട്ടിയിരുന്നെങ്കിൽ സാധാരണക്കാരുടെ യാത്ര സുഖകരമാകും.
അനീഷ്, ചക്കരകല്ല്‌