1

കാസർകോട്: കാലവർഷക്കെടുതിയുടേയും കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഭാഗമായി അതിശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുമ്പോൾ കാസർകോട് ജില്ലയിലെ ഉദുമ പടിഞ്ഞാർ തീരദേശത്തെ 500 ഓളം കുടുംബങ്ങൾ കടുത്ത ഭീതിയിൽ. എല്ലാ വർഷത്തിലും കടൽ കരയെടുക്കുന്നത് ഇവിടെ പതിവാണെങ്കിലും ഇക്കുറി വൻതോതിലാണ് കടലാക്രമണം.

കാപ്പിൽ കടപ്പുറം, കൊവ്വൽ ബീച്ച്, ജന്മ കടപ്പുറം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.ഇവിടെ നുറുകണക്കിനു കുടുംബങ്ങൾ പൊങ്ങുന്ന തിരമാലകൾക്ക് മുന്നിൽ ഭീതിയോടെയാണ് കഴിയുന്നത്. വെറും പതിനാറു മീറ്റർ വീതിയിലുള്ള മണൽത്തിട്ട മാത്രമാണ് കൊവ്വൽ ബീച്ചിലും ജന്മ കടപ്പുറത്തും അവശേഷിക്കുന്നത്. ഇത് കടലെടുത്തുകഴിഞ്ഞാൽ കിഴക്കുഭാഗം വയലാണ്. വയലിലെ താഴ്ന്ന പ്രദേശത്തേക്ക് കടൽ കയറിയാൽ ടൗൺ അടക്കം മുങ്ങും. മണൽതിട്ടയിൽ കഴിയുന്ന കുടുംബങ്ങൾ കടുത്ത ആധിയിലാണ്. ഇതിനകം 200 ഓളം തെങ്ങുകളും രണ്ടു കിലോമീറ്റർ റോഡും കടലെടുത്തു. ഇങ്ങനെ പോയാൽ വീടുകൾ കടലെടുക്കാൻ അധികദിവസങ്ങൾ വേണ്ടിവരില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്.

വേണ്ടത് ആധൂനിക സംവിധാനം

കടലാക്രമണം തടയാൻ കടലിൽ കല്ലിട്ട് കോടികൾ പാഴാക്കുന്ന സംവിധാനം വേണ്ടെന്നാണ് കടലിന്റെ സ്വഭാവം നന്നായി അറിയുന്ന ഇന്നാട്ടുകാർ പറയുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായം തേടണം. മുൻവർഷങ്ങളിൽ കോടികൾ ചിലവഴിച്ചിട്ട കല്ലുകളെല്ലാം ഇപ്പോൾ കടലിലാണ്.

അവർ ഒപ്പുശേഖരിക്കുകയാണ്

തീരദേശ സംരക്ഷണ സമിതി രൂപീകരിച്ചുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടക്കുകയാണിവിടെ. മാലതി, ശാരദ, ലക്ഷ്മി കൊപ്പൽ, മൈമു ന, ബിന്ദു ബാലു, രമ്യ പ്രശാന്ത്, സുധ കരുണൻ, രേഷ്‌മ രവി എന്നിവരുടെ സംഘമാണ് പ്രദേശത്തെ കുടുംബങ്ങളിൽ നിന്ന് ഒപ്പുശേഖരിക്കുന്നത്.ഉദുമ പടിഞ്ഞാർ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റ് മാർച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

'ഉറങ്ങാൻ പറ്റുന്നില്ല, കടൽ കേറുന്നതെപ്പോഴെന്ന് അറിയില്ല

'നോക്കിയാൽ കാണാത്ത ദൂരത്തായിരുന്നു നേരത്തെ ഇവിടെ കടൽ.കലി തുള്ളുന്ന തിരമാലകൾക്ക് 16 മീറ്റർ മാത്രം ഇപ്പുറമുള്ള മാധവി നിലയത്തിലിരുന്ന് എൺപതുകാരിയായ ഇരിയണ്ണി മാധവിയമ്മ സങ്കടത്തോടെ പറയുകയാണ്. തെങ്ങും കാറ്റാടി മരങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന കടപ്പുറമാണിത്. തെങ്ങും പോയി കാറ്റാടിയും പോയി.സർക്കാർ ഇതിന് ഒരു വഴിയാക്കി തരണം. അസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ വരെ നിവൃത്തിയില്ല. റോഡ് രണ്ടുവട്ടം കടലെടുത്തു. കസേരയിൽ ഇരുത്തി ചെറുപ്പക്കാരാണ് ആശുപത്രിയിൽ ഇവിടെയുള്ള അസുഖം ബാധിച്ചവരെ കൊണ്ടുപോകുന്നത്.ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് വലയുന്ന മാധവിയമ്മയുടെ വാക്കുകളിൽ ഉദുമ പടിഞ്ഞാർ നേരിടുന്ന കടൽക്ഷോഭത്തിന്റെ നേർചിത്രമുണ്ട്.