പരിയാരം: കഴിഞ്ഞ ഒരാഴ്ച്ചയായി ലിഫ്റ്റ് തകരാറിലായതോടെ ഏഴും എട്ടും നിലകളിൽ പ്രവേശിപ്പിച്ച ഹൃദ്രോഗികളെ വിവിധ പരിശോധനകൾക്കും മറ്റുമായി കൊണ്ടുപോകുന്നത് സ്‌ട്രെക്ച്ചർ റാമ്പ് വഴി തള്ളി.കാത്ത് ലാബ് കേടായതടക്കമുള്ള വിവിധ പ്രശ്നങ്ങൾ മൂലം ബൈപാസ് സർജ്ജറി മുടങ്ങിയതടക്കം ആറുമാസമായി പലവിധ പ്രശ്നങ്ങൾ നേരിടുന്ന ഹൃദയാലയയിൽ കേടായ ലിഫ്റ്റാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നവീകരണപ്രവൃത്തിയ്ക്കായി നേരത്തെയുള്ള വാർഡുകൾ അടച്ചുപൂട്ടിയതിനാൽ ഹൃദ്രോഗികളെ ഏഴാംനിലയിലും എട്ടാംനിലയിലും അഡ്മിറ്റ് ചെയ്തു തുടങ്ങിയത്. മെഡിക്കൽ കോളേജിന്റെ ഏറ്റവും താഴെയാണ് പരിശോധനാവിഭാഗം. ഇവിടേക്ക് പോകാൻ ആകെയുള്ളത് ഒരു ലിഫ്റ്റ് മാത്രമാണ്. ഇത് പ്രവർത്തിക്കാതായതോടെ അത്യാസന്ന നിലയിലുള്ള ഹൃദ്രോഗികളെയും റാമ്പ് വഴി തള്ളി കൊണ്ടുപോകേണ്ട നിലയാണിപ്പോൾ.
എന്ന് നന്നാക്കുമെന്ന് ഉറപ്പില്ല
കേടായ ലിഫ്റ്റ് എന്ന് പ്രവർത്തനക്ഷമമാകുമെന്നതിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് ഉറപ്പ് നൽകാനാകുന്നില്ല.നേരത്തെ സഹകരണമേഖലയിലായിരിക്കെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദയചികിത്സാ കേന്ദ്രമായിരുന്നു മെഡിക്കൽ കോളേജിലെ ഹൃദയാലയ.
ഹൃദ്രോഗവിഭാഗത്തിലെ രോഗികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും-ജനകീയാരോഗ്യവേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ