ചെറുപുഴ:കാലവർഷക്കെടുതിയെ തുടർന്ന് പ്രതിസന്ധിയിലായ മലയോരകർഷകർക്ക് ഇരുട്ടടിയായി കാട്ടാന ആക്രമണവും. ചുഴലിക്കാറ്റുമൂലം കനത്ത നഷ്ടം സംഭവിച്ച ചെറുപുഴ മേഖലയിലാണ് കാട്ടാനയിറങ്ങി നാശം വിതച്ചത്. കാനംവയൽ ചേന്നാട്ടു കൊല്ലിയിലാണ് കാട്ടാന കൃഷിയിടത്തിൽ നാശം വിതച്ചത്.
ഇവിടെ വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിപ്പിച്ചത്. പേമാരിയിൽ ഏകദേശം 50 ഓളം കർഷകരുടെ റബ്ബർ, കവുങ്ങ്, തെങ്ങ്, കൊക്കോ, വാഴ, ജാതി, തുടങ്ങിയവ നശിച്ചിരുന്നു. മറ്റിടങ്ങളിൽ താമസിക്കുന്ന കർഷകർ കാലവർഷക്കെടുതിക്കിരയായ തങ്ങളുടെ കൃഷിയിടം സന്ദർശിച്ചിട്ടുപോലുമില്ല. കോടികളുടെ നഷ്ടം വരുത്തി മഴ ഒരുവിധത്തിൽ ശമിച്ചപ്പോഴാണ് കാനംവയലിൽ ചേന്നാട്ടു കൊല്ലിയിൽ കാട്ടാന വ്യാപകനാശം വിതച്ചത്.
പൂച്ചാലിൽ സണ്ണി, പള്ളിത്തതാഴത്ത് ബെന്നി എന്നിവരുടെ വാഴ,തെങ്ങ്,കവുങ്ങ് തുടങ്ങിയവ നശിപ്പിച്ചു. ചെറുപുഴ കൃഷി ഓഫീസർ അഞ്ജു, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ നാശനഷ്ടം നേരിട്ട കൃഷിയിടം സന്ദർശിച്ചു. വന്യജീവി ആക്രമണം നേരിടുന്ന മുഴുവൻ കൃഷിയിടങ്ങളും വിള ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള ബോധവത്ക്കരണം നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.