കാസർകോട്: അമിതലാഭം വാഗ്ദാനം ചെയ്ത് എൽ.ഐ.സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ രണ്ടുപേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് നിശാം (23), കോഴിക്കോട് സ്വദേശി കെ.നിഖിൽ (34) എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ പി.നളിനാക്ഷനും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. കാസർകോട് കോടതി ഇവരെ റിമാന്റ് ചെയ്തു.
എൽ.ഐ.സി കാസർകോട് സീനിയർ ബ്രാഞ്ച് മാനേജർ തൃക്കരിപ്പൂർ ഉദിനൂരിലെ എ.വി.വേണുഗോപാലിന്റെ പണമാണ് ട്രേഡിംഗ് തട്ടിപ്പിലൂടെ സംഘം കൈക്കലാക്കിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 15 നും മേയ് ഒമ്പതിനും ഇടയിലുള്ള ദിവസങ്ങളിൽ ഓൺലൈൻ വഴി ഉത്തരേന്ത്യക്കാരായ പ്രൊഫസർ സഞ്ജയ്, റിയ എന്നിവർ വാട്സ്ആപ് വഴി ലിങ്ക് അയച്ച് ഗ്രൂപിൽ അംഗമാക്കുകയും പിന്നീട് ട്രേഡിംഗ് ആപ് ഡൗൺലോഡ് ചെയ്ത് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ പണം സ്വീകരിച്ച അക്കൗണ്ട് ഉടമകളാണ് ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് നിശാമും നിഖിലും. തട്ടിപ്പ് സംഘത്തിൽ മൂന്നിലധികം പേർ ഇനിയും പിടിയിലാകാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കാസർകോട് ജില്ലയിൽ അടുത്ത കാലത്തായി ഓൺലൈൻ തട്ടിപ്പിനിരയായവരുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ച് വരുന്നത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കപ്പൽ ജീവനക്കാരന് രണ്ട് കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ രണ്ടുപേർ അറസ്റ്റിലായിരിക്കുന്നത്.