തൃക്കരിപ്പൂർ: ഒരൊറ്റ രാത്രി കൊണ്ട് നൂറു കണക്കിന് പേർക്ക് ജീവനും വീടും കിടപ്പാടവും നഷ്ടപ്പെട്ട വയനാട്ടിലെ പ്രകൃതി ദുരന്തം പോലെ തങ്ങളെയും ഒരു ദുരന്തം കവർന്നെടുക്കുമോയെന്ന ആശങ്കയിൽ കടലിനും കായലിനും ഇടയിലുള്ള വലിയപറമ്പ് പഞ്ചായത്ത്. കടലിനും കവ്വായി കായലിനും ഇടയിൽ 24 കിലോ മീറ്ററോളം തെക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ വീതി ചില ഭാഗങ്ങളിൽ 50 മീറ്റർ മാത്രമേയുള്ളൂ. കടലിനെ പ്രതിരോധിക്കാൻ പറ്റുന്ന ശക്തമായ രീതിയിലുള്ള കടൽഭിത്തി ഇല്ലാത്തതു മൂലം നിരന്തരമായ കടലാക്രമണം കാരണം പടിഞ്ഞാറു ഭാഗം തീര ശോഷണം നേരിടുമ്പോൾ, പ്രദേശത്തിന്റെ കിഴക്ക് ഭാഗത്തെ കായലിൽ നിന്നും നിയന്ത്രണാതീതമായുള്ള മണലൂറ്റൽ തുടരുന്നതോടെ കരയിടിച്ചിലടക്കമുള്ള ദുരിതവും തീരദേശ വാസികളുടെ ഉറക്കം കെടുത്തുകയാണ്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത മണലൂറ്റൽ വ്യാപകമായതിനെതിരെ പരാതി നൽകിയിട്ടും ഫലമില്ലാതായതോടെ ദ്വീപ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ഇന്ന് വൈകുന്നേരം 3.30ന് മാവിലാകടപ്പുറം എം.എ.യു.പി സ്കൂളിൽ സമരപ്രഖ്യാപന ജനകീയ കൺവെൻഷൻ നടക്കും. 600 ലധികം വരുന്ന വഞ്ചികളിലായി പടന്ന, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും നീലീശ്വരം മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ചും അതിനേക്കാൾ ഉപരിയായി പാസ് ഇല്ലാതെയും ടൺ കണക്കിന് മണലാണ് ഓരോ ദിവസവും ഇവിടെ നിന്നും കടത്തി കൊണ്ട് പോകുന്നത്. കരയിൽ നിന്ന് 50 മീറ്റർ വിട്ടുമാറി യന്ത്ര സഹായമില്ലാതെ മനുഷ്യശേഷി ഉപയോഗിച്ചു മാത്രമേ മണലെ ടുക്കാൻ പാടുള്ളൂവെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അതൊന്നും പാലിക്കാറില്ല. അത് പരിശോധിക്കാനും സംവിധാനമില്ല. ഇതു മൂലം പുഴയിൽ നീരൊഴുക്ക് കൂടുകയും മാവിലാ കടപ്പുറം പാലം പോലും അപകട ഭീഷണിയിലാകുകയും, പുഴക്കരക്ക് നിർമ്മിച്ച സംരക്ഷണ ഭിത്തികൾ തകർന്നു കൊണ്ടിരിക്കുകയും പുഴയോരങ്ങളിൽ താമസിക്കുന്ന വീടുകൾക്ക് ഭീഷണി നേരിടുകയും ചെയ്യുകയാണ്.
പേടിക്കാൻ കാരണമുണ്ട്
ഒരിയര അഴിമുഖത്തുള്ള പുളിമുട്ട് ഭൂമിക്കടിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു
ശുദ്ധമായ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ പൂർണമായും ഉപ്പുവെള്ളമായി
15 വർഷങ്ങൾക്കപ്പുറം മണൽ തിട്ടയായിരുന്ന ഇരുന്നൂറ് മീറ്ററോളം പ്രദേശം ഇതിനകം കടലായി മാറി
തീരദേശ ഹൈവേക്കായി അടയാള പ്പെടുത്തിയ കുറ്റി പോലും തിരയെടുത്തുകൊണ്ടിരിക്കുന്നു
പഞ്ചായത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന മണലൂറ്റൽ നിയന്ത്രണം കടലാസിൽ ഒതുങ്ങാതെ കർശനമായി നേരിടാൻ സംവിധാനം വേണം. പഞ്ചായത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ പൂർണ്ണമായും കടലിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള കരുത്തുറ്റ കടൽഭിത്തി നിർമ്മിക്കണം.
നാട്ടുകാർ