പാണത്തൂർ: ബൈക്കിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം പൊട്ടിപ്പൊളിഞ്ഞ് പാണത്തൂർ കുണ്ടുപ്പള്ളി റാണിപുരം റോഡ്. ജില്ലയിലെ ഏറ്റവും പ്രധാന ടൂറിസം സ്പോട്ടുകളിലൊന്നായ റാണിപുരവുമായി ബന്ധപ്പെട്ടുകിടന്നിട്ടും അധികൃതരുടെ കണ്ണുപതിയാത്ത സ്ഥിതിയാണ് ഇവിടെ.
അവധിദിവസങ്ങളിൽ നൂറുകണക്കിന് ടൂറിസ്റ്റുകളാണ് കർണാടകയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം മിനി ബസിലും മറ്റു വാഹനങ്ങളിലുമായി ഇവിടെയെത്തുന്നത്. എന്നാൽ കുത്തനെയുള്ള കയറ്റവും കൊടുംവളവും കാരണം മിനി ബസിന് കടന്നു പോകാൻ കഴിയാത്ത സാഹചര്യത്തിൽ പാണത്തൂരിൽ നിന്നും ടാക്സി വിളിച്ചാണ് ആളുകൾ റാണിപുരത്ത് എത്തുന്നത്.
കാൽനട യാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ നാട്ടുകാർ സ്വന്തം ചെലവിൽ കുറച്ച് ഭാഗത്ത് കുഴിയടച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വീണ്ടും റോഡ് തകർന്നു. റോഡിന്റെ 150 അടിയോളം താഴ്ചയുള്ള അരികുകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്നുണ്ട്. അപകടങ്ങളും ഇവിടെ പതിവാണ്.കഴിഞ്ഞദിവസം അപകടത്തിൽ പ്പെട്ട കാർ വീട്ടുമതിൽ ഇടിച്ചു തകർത്തിരുന്നു. അടിയന്തിരഘട്ടങ്ങളിൽ ഒരു ആംബുലൻസിന് പോലും കടന്നെത്താൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്.
വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി മൂന്ന് വണ്ടികൾ രാവിലെയും വൈകുന്നേരവും ഈ റോഡിലൂടെ കടന്നു പോകുന്നുമുണ്ട്.
അറ്റകുറ്റപ്പണി പൂർത്തിയാക്കാനായില്ല
അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്ത് 46 ലക്ഷം അനുവദിച്ചെങ്കിലും മഴമൂലം ഇത് പൂർത്തീകരിക്കാൻ ആയില്ല. പാണത്തൂർ മുതൽ റാണിപുരം വരെ പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് എട്ടു മീറ്റർ വീതി കൂട്ടി കുത്തനെയുള്ള കയറ്റവും കൊടുംവളവും കുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നൂറ്റമ്പതടിയോളം താഴ്ചയുള്ളിടങ്ങളിൽ ഇരുമ്പ് റാഡുകൾ സ്ഥാപിച്ച് അപകടസാദ്ധ്യത കുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ വൻദുരന്തമായിരിക്കും ഫലമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാണത്തൂർ റാണിപുരം റോഡിലൂടെ 108 ആംബുലൻസ് കയറില്ല. പോയാൽത്തന്നെ പാണത്തൂർ നിന്നും റാണിപുരമെത്താൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും.വാഹനാപകടങ്ങൾ അത്രയും കൂടുതൽ നടക്കുന്ന റോഡ് കൂടിയാണിത്. മാരകമായ പരിക്കുകളോടെ ഇരുപതു പരെ ഞാൻ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്"(ബിനു ആംബുലൻസ് ഡ്രൈവർ).
നൂറുകണക്കിന് കുട്ടികളും മൈലാട്ടി കുണ്ടുപള്ളി റാണിപുരം പ്രദേശവാസികളും ആശ്രയിക്കുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡുകളിൽ ഒന്നാണിത് . ഇത് പി.ഡബ്ല്യു.ഡിക്ക് വിട്ടുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം.(ജനകീയ സമിതി സെക്രട്ടറി സുരേഷ് കുണ്ടുപ്പള്ളി )