ഏപ്രിൽ നാലിന് നൽകിയ കത്തിന് മറുപടി നൽകില്ലെന്ന് നഗരസഭ എൻജിനീയറിംഗ് വിഭാഗം
ഓപ്പൺ പാർക്ക് നിർമ്മിച്ചത് ഡി.ടി.പി.സി
അനുമതി നൽകേണ്ടത് നഗരസഭ
കാഞ്ഞങ്ങാട്: അരക്കോടിയോളം മുടക്കി നിർമ്മാണം പൂർത്തിയാക്കി അപേക്ഷ നൽകി അഞ്ചുമാസം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട് ഓപ്പൺ തിയേറ്ററിന് പ്രവർത്തനാനുമതി ലഭിക്കാത്ത വിഷയത്തിൽ സാങ്കേതിക തടസം പറഞ്ഞ് കാഞ്ഞങ്ങാട് നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗം. അതെ സമയം മുഴുവൻ രേഖകളും നഗരസഭയ്ക്ക് നൽകിക്കഴിഞ്ഞെന്ന് ഡി.ടി.പി.സിയും സംരംഭകനും ആവർത്തിക്കുമ്പോൾ പ്രസ്തുത ഫയൽ തന്റെ മേശയിലേക്ക് എത്തിയിട്ടില്ലെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.
ആറുമാസത്തെ മുൻകൂർ വാടകയിനത്തിൽ മൂന്നരലക്ഷത്തിലേറെ രൂപ ഡി.ടി.പി.സിക്ക് നൽകി കരാർ ഏറ്റെടുത്ത സംരംഭകനാണ് ഇതോടെ പ്രതിസന്ധിയിലായത്.പദ്ധതി ഏറ്റെടുത്ത സംരംഭകന് നേരിട്ട കയ്പേറിയ അനുഭവത്തെ പേടിച്ച് ഭാവിയിൽ ഓപ്പൺ പാർക്ക് ആരും ഏറ്റെടുക്കാതെ വന്നാൽ സംസ്ഥാന ഖജനാവിന് നഷ്ടം 54 ലക്ഷം രൂപയായിരിക്കും.ഓപ്പൺതീയേറ്റർ പ്രവർത്തനാനുമതിക്ക് നിയമാനുസൃതം അപേക്ഷ നൽകിയെന്ന് ഡി.ടി.പി.സി വ്യക്തമാക്കുമ്പോഴാണ് അയച്ച കത്തിന് മറുപടി നൽകാത്തതിനാൽ ഫയൽ നോക്കിയില്ലെന്ന് എൻജിനീയറിംഗ് വിഭാഗം വ്യക്തമാക്കുന്നത്.
ഒരു വർഷം മുമ്പാണ് 54 ലക്ഷം മുടക്കി ഡി.ടി.പി.സി ഓപ്പൺ തിയേറ്റർ നിർമ്മിച്ചത്. നടത്തിപ്പ് കരാർ ഏറ്റെടുത്ത സംരംഭകൻ ഇതോടനുബന്ധിച്ച കഫ്തീരിയയിൽ എത്തുന്നവരുടെ സൗകര്യത്തിനായി നടത്തിയ ചെറിയ നിർമ്മാണങ്ങളെ ചൊല്ലിയായിരുന്നു ആദ്യം നഗരസഭയുടെ ഉടക്ക്. ഇത് പൊളിച്ചുമാറ്റിയാണ് അഞ്ചുമാസം മുമ്പ് വീണ്ടും അപേക്ഷ സമർപ്പിച്ചത്.ഈ അപേക്ഷയിലാണ് വീണ്ടും സംശയങ്ങൾ ചോദിച്ച് നഗരസഭ എൻജിനീയറിംഗ് വിഭാഗം ഉടക്കിട്ടത്. ഏപ്രിൽ നാലിന് രേഖാമൂലം ഡി.ടി.പി.സിക്ക് നൽകിയ കത്തിന് നാളിതുവരെയായി ഒരു മറുപടിയും നൽകിയില്ലെന്നാണ് എൻജിനീയറിംഗ് വിഭാഗത്തിന്റെ വാദം.
നഗരസഭക്ക് വീണ്ടും അറിയണം
ഓപ്പൺ തിയേറ്ററിന്റെ ഉടമസ്ഥാവകാശം ആർക്കാണ്
എത്രകാലത്തേക്കാണ് കരാർ നൽകിയിട്ടുള്ളത്
എന്താണ് ആവശ്യം
ഭൂമിയുടെ അവകാശം ആർക്കാണ്
സംരംഭകർ അനധികൃത നിർമ്മാണം നടത്തിയോ
താൽക്കാലിക കെട്ടിടം എത്ര കാലത്തേക്ക്
രേഖകൾ സമർപ്പിക്കണം
പുതിയ പ്ളാനടക്കം അപേക്ഷ നൽകിയെന്ന് ഡി.ടി.പി.സി
അതെസമയം പുതിയ പ്ലാനടക്കം വച്ച് അപേക്ഷ നൽകിയെന്നാണ് ഡി.ടി.പി.സി വ്യക്തമാക്കുന്നത്. എൻജിനീയറിംഗ് വിഭാഗം ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഇതിൽ വ്യക്തമായ ഉത്തരമുണ്ടെന്നും ഡി.ടി.പി.സിയും സംരംഭകനും പറയുന്നു.
ഇതോ സംരംഭക സൗഹൃദാന്തരീക്ഷം?
സംസ്ഥാനത്ത് സംരംഭക സൗഹൃദ അന്തരീക്ഷമാണെന്ന് വ്യവസായമന്ത്രി ആവർത്തിച്ചുപറയുമ്പോഴാണ് അഞ്ചുമാസം മുമ്പ് മൂന്നരലക്ഷം മുൻകൂർ വാടക ഡി.ടി.പി.സിക്ക് നൽകിയ സംരംഭകൻ സാങ്കേതികതയുടെ പേരിൽ പെരുവഴിയിലായിരിക്കുന്നത്. സംരംഭകന്റെ നഷ്ടം മൂന്നരലക്ഷത്തിൽ ഒതുങ്ങുമെങ്കിൽ ഉദ്യോഗസ്ഥരുടെ നിഷേധാത്മക വഴി പൊതുഖജനാവിന് നഷ്ടമാകുന്നത് അരക്കോടിയിലേറെ രൂപയാണ്.