ഇരിട്ടി: കൂട്ടുപുഴ -വീരാജ്‌പേട്ട -മാക്കൂട്ടം ചുരം പാതയിൽ ചരക്കു ലോറി നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്കു പരിക്കേറ്റു. മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിന്റെ മതിലും നാലോളം വൈദ്യുതി തൂണുകളും തകർത്ത ശേഷമാണ് ലോറി തോട്ടിലേക്ക് വീണത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. മൈസൂരുവിൽ നിന്നും പലചരക്ക് സാധനങ്ങളുമായി ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മാക്കൂട്ടം കാക്കത്തോട് ദേവീ ക്ഷേത്രത്തിന് മുന്നിലെ വൈദ്യുത പോസ്റ്റുകൾ ഇടിച്ചു തകർത്തശേഷം ക്ഷേത്രത്തിന്റെ മതിലും തകർത്താണ് ലോറി തോട്ടിലേക്ക് വീണത്. നാലോളം വൈദ്യുതി പോസ്റ്റുകളും ക്ഷേത്രത്തിന്റെ പത്ത് മീറ്ററോളം വരുന്ന ചെങ്കൽ മതിലും തകർന്നു.
കൂട്ടുപുഴ പെരുമ്പാടി വരെ 17 കിലോമീറ്ററോളം വരുന്ന ഈ കാനന പാതയിൽ അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളുമടക്കം പതിനാറോളം വാഹനാപകടങ്ങൾ ഈ പാതയിൽ ഉണ്ടായതായാണ് വിവരം. കഴിഞ്ഞ ജൂൺ 29 ന് ചരക്കു ലോറി മറിഞ്ഞ് ആന്ധ്രാ സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചിരുന്നു. ഇയാളുടെ സഹായി ഗുരുതര പരിക്കുകളോടെ ചികിത്സതേടുകയും ചെയ്തു.