elacury

പയ്യന്നൂർ:എഴുപതോളം വിവിധ തരം ഇലകളും ഇല വിഭവങ്ങളൊരുമൊരുക്കി കണ്ടോത്ത് എ.എൽ.പി സ്കൂളിൽ വൈവിദ്ധ്യമാർന്ന ഇലയറിവ് ക്യാമ്പ്. പച്ചക്കറി, ഫലവൃക്ഷങ്ങൾ,കുറ്റിച്ചെടി , ഔഷധ സസ്യങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധയിനം ഇലകൾ ഉപയോഗിച്ച് പ്രദർശനമൊരുക്കിയ വിദ്യാർത്ഥികൾ ഓരോ ഇലയുടെയും പേരും പെരുമയും ഔഷധ ഗുണങ്ങളും വിശദീകരിച്ച് നൽകി. വിവിധ തരം ചീരകൾ, ചേന, ചേമ്പ്, കുമ്പളം, മത്തൻ , കൊടുത്തൂവ, തുടങ്ങിയ ഇരുപതോളം സസ്യങ്ങളുടെ ഇലകൾ ഉപയോഗിച്ച് വറവും , ആവിയിൽ വേവിച്ച ഇല വിഭവങ്ങളും, ഇലയപ്പങ്ങളും ഉണ്ടാക്കി വിദ്യാർത്ഥികൾ സ്കൂളിൽ വിതരണം നടത്തി. ഇലപ്പാട്ട് , ഇല ചിത്ര രചന എന്നിവയും നടന്നു. മാട്ടൂൽ ഡിസ്പൻസറിയിലെ വെൽനെസ്സ് ഓഫീസർ ഡോ: വർഷ സുജിത്ത് ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.ഷിജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പി.പി.സനില, മാനേജർ എം.വനജാക്ഷി,എ.കെ.ഗിരിജ പ്രസംഗിച്ചു.