കണ്ണൂർ: മലിനജലം പാചകാവശ്യത്തിന് ഉപയോഗിച്ച മിൽമ ബൂത്ത് കോർപറേഷൻ ആരോഗ്യ വിഭാഗം പൂട്ടിച്ചു. മുനീശ്വരൻ കോവിലിന് മുൻവശത്തെ സി.സുലോചനയുടെ പേരിലുള്ള മിൽമ ബൂത്തിലാണ് ചായ ഉണ്ടാക്കാൻ സ്റ്റൗവിൽ വച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ലാർവയേയും വണ്ടിനെയും പുഴുവിനെയും കണ്ടെത്തിയത്. ഇന്നലെ രാവിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മലിന ജലം കണ്ടെത്തിയത്. കണ്ണൂർ ടൗണിൽ ഡെങ്കി പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗം വ്യാപകമായതിനെ തുടർന്ന് കർശനമായും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വാട്ടർ ടാങ്കുകൾ ക്ലീൻ ചെയ്ത് പുതിയ വെള്ളം സംഭരിക്കണമെന്ന് ആരോഗ്യവിഭാഗത്തിന്റെ കർശന നിർദേശമുണ്ട്.
ഹോട്ടലുകൾ, ലോഡ്ജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകളിൽ ഇന്നലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. ചിലയിടങ്ങളിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും വാട്ടർ ടാങ്കുകൾ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ആർ.സന്തോഷ് കുമാർ, എ.വി.ജൂന റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.