kappimala

ആലക്കോട്: ആറുപതിറ്റാണ്ടു നീണ്ട കുടിയേറ്റത്തിന്റെ ചരിത്രമുണ്ട് ആലക്കോട്, ഉദയഗിരി പഞ്ചായത്തുകൾ അതിരിടുന്ന കാപ്പിമല പ്രദേശത്തിന്. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ നാണ്യവിളകൾക്ക് പേരുകേട്ടയിടം.രോഗഭീഷണിയും വിലത്തകർച്ചയും മൂലം നാണ്യവിളകൾ പ്രതിസന്ധിയെ നേരിടുമ്പോൾ കാപ്പിമലയ്ക്ക് കുടിയിറക്കക്കാലമാണിന്ന്.

മണ്ണും കാലാവസ്ഥയും അനുയോജ്യമായതിനാൽ കവുങ്ങായിരുന്നു കാപ്പിമലയുടെ പ്രധാന വിള.1980 മുതൽ 2000 വരെയായിരുന്നു ഈ നാടിന് സുവർണകാലം.കൊട്ടടക്കക്ക് കിലോയ്ക്ക് 120 മുതൽ 150 രൂപ വരെ വിലകിട്ടിയതോടെ ജീവിതനിലവാരം ഉയർന്നു. അൻപതു ക്വിന്റൽ കൊട്ടടയ്ക്ക വരെ ലഭിച്ചിരുന്ന നിരവധി കർഷകർ അന്നുണ്ടായിരുന്നു. തെങ്ങ്, കാപ്പി, കുരുമുളക്, ഇഞ്ചി, റബ്ബർ തുടങ്ങിയ സമ്മിശ്രകൃഷി കൂടിയായതോടെ ഇവരുടെ ജീവിതത്തിന്റെ ഗ്രാഫുയർന്നു. തൊഴിൽലഭ്യത കൂടിയായപ്പോൾ നാട് മൊത്തത്തിൽ സമ്പന്നമായി.

എന്നാൽ കവുങ്ങുകൾ മഞ്ഞളിപ്പ് രോഗം പടർന്നുപിടിച്ചതോടെ കാപ്പിമലയുടെ കഷ്ടകാലം തുടങ്ങി.സംസ്ഥാന കൃഷിവകുപ്പ് രോഗനിവാരണത്തിനായി തുടങ്ങിയ ഒരു കോടിയുടെ മൂന്നുഘട്ട പൈലറ്റ് പ്രൊജക്ട് ആദ്യഘട്ടത്തിൽ തന്നെ അവസാനിച്ചു. കവുങ്ങുകൾക്ക് പിന്നാലെ രോഗം തെങ്ങുകളിലുമെത്തി.ഏതാനും വർഷത്തിനുള്ളിൽ കാപ്പിമല പ്രദേശം തരിശുഭൂമിയായി മാറി.

കുടിയിറക്കത്തിന്റെ തുടക്കം

ആയിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് ജീവിതമാർഗ്ഗം ഇല്ലാതായതോടെ കൂട്ടമായുള്ള കുടിയിറക്കം തുടങ്ങി.2020 ആയപ്പോഴേക്കും പകുതിയിലേറെ കുടുംബങ്ങളും മറ്റു സ്ഥലങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടു.നിരവധി വ്യാപാരസ്ഥാപനങ്ങളുണ്ടായിരുന്ന കാപ്പിമല ടൗണിൽ ആളനക്കമില്ലാതായി. മുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന വിജയഗിരി ഗവ.യു.പി.സ്‌കൂളിൽ ഇപ്പോൾ 35 പേരാണുള്ളത്. കാപ്പിമല ജനകീയ ബസ് ആളില്ലാതായതോടെ സർവീസ് അവസാനിപ്പിച്ചുവിജയഗിരി എസ്.ആർ.വൈ.സി ക്ലബ്ബ് നിർജീവാവസ്ഥയിലായി. കച്ചവട സ്ഥാപനങ്ങൾ രാവിലെയും വൈകിട്ടും മാത്രമാണ് തുറക്കുന്നത്.


ഇനി പ്രതീക്ഷ വൈതൽമല ടൂറിസത്തിൽ

വൈതൽമല ടൂറിസം പദ്ധതിയാണ് ഇനി കാപ്പിമലയുടെ രാശി തിരിച്ചുപിടിക്കേണ്ടത്.ഇതിനായി നിരവധി പദ്ധതികൾ സർക്കാർ തലത്തിൽ ആലോചിച്ചിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.ആലക്കോട് കാപ്പിമല 7.8 കിലോമീറ്റർ റോഡ് മെക്കാഡം ടാറിംഗ് പോലും അനന്തമായി നീളുകയാണ്.

കിളിക്കാട്ട് തട്ട് കാപ്പിമലയായ കഥ

ടൗണിനോടു ചേർന്നുള്ള കാപ്പിത്തോട്ടമായിരുന്നു കിളിക്കാട്ടുതട്ട് എന്ന പേര് കാപ്പിമലയിലെത്തിയതിന് പിന്നിൽ.ആലക്കോടിന്റെ ശിൽപ്പിയും പൂഞ്ഞാർ രാജകുടുംബാംഗവുമായ അന്തരിച്ച പി.ആർ.രാമവർമ്മരാജയാണ് കാപ്പിത്തോട്ടം സ്ഥാപിച്ചത്.1974ൽ സർക്കാർ 1400 ഏക്കർ വരുന്ന കോളിയാട് എസ്റ്റേറ്റ് ഏറ്റെടുത്ത് കേരള പ്ലാന്റേഷൻ കോർപ്പറേഷന് കൈമാറി.2004 ൽ ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകാൻ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തെങ്കിലും 500 ഏക്കറോളം ഭൂമി മാത്രമാണ് നൽകിയത്. എസ്റ്റേറ്റിലെ ബാക്കിയുള്ള ഭൂമിയുടെ സംരക്ഷണം വനംവകുപ്പിനെയാണ് ഏൽപ്പിച്ചത്.