കണ്ണൂർ: ഇ- സ്റ്റാമ്പ് പദ്ധതി പൂർണമായും നടപ്പിലാക്കുന്നതിലുള്ള വീഴ്ച കാരണം മുദ്രപ്പത്രങ്ങളുടെ ക്ഷാമം രൂക്ഷമായി. കണ്ണൂർ ജില്ലയിൽ 50, 100, 200 രൂപയുടെ മുദ്ര പത്രങ്ങൾക്കാണ് കൂടുതൽ ക്ഷാമമെങ്കിൽ ചില ജില്ലകളിൽ 1000 രൂപയിൽ താഴെയുള്ള എല്ലാ മുദ്രപത്രങ്ങൾക്കും കടുത്തക്ഷാമം നേരിടുന്നതായാണ് പറയുന്നത്. പലർക്കും 50, 100, 200 രൂപയുടെ മുദ്രപത്രങ്ങളുടെ ആവശ്യം നിവർത്തിക്കാനായി 500 രൂപ നല്കി മുദ്രപ്പത്രം വാങ്ങിക്കേണ്ട സ്ഥിതിയാണ്. പൊതുജനങ്ങളും വ്യാപാരികളും ഏറേ പ്രയാസം അനുഭവിക്കുകയാണ്.
കഴിഞ്ഞ വർഷം തന്നെ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്ന ഇ- സ്റ്റാമ്പ് പദ്ധതി ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ജനന സർട്ടിഫിക്കറ്റുകൾ, ഓഫീസുകളിൽ സമർപ്പിക്കുന്ന മറ്റു രേഖകൾ, വാടക-വ്യാപാര കരാറുകൾ, ബോണ്ടുകൾക്ക് സത്യവാങ്മൂലം തയ്യാറാക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങൾക്ക് 50,100 രൂപയുടെ സ്റ്റാമ്പ് പേപ്പറുകൾ നിർബന്ധമാണ്. എന്നാൽ കഴിഞ്ഞ അഞ്ചു മാസമായി ഇത്തരം മുദ്രപത്രങ്ങൾ ലഭിക്കുന്നില്ല.
ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ജില്ലയിൽ മുദ്രപത്ര വെണ്ടർമാർക്ക് ട്രഷറിയിൽ നിന്നും സീൽ ചെയ്തു വന്ന മുദ്രപത്രങ്ങൾ ലഭിക്കുന്നത്. ഇതൊഴിച്ചുള്ള ദിവസങ്ങളിലാണ് മുദ്രപത്രങ്ങൾക്ക് കൂടുതൽ ക്ഷാമം നേരിടുന്നത്. പല ജില്ലകളിലേയും സബ് ട്രഷറികളിൽ നിന്നും താഴ്ന്ന മൂല്യങ്ങളുടെ മുദ്രപത്രങ്ങൾ ലഭിക്കുന്നേയില്ല.
അച്ചടി നിറുത്തിയത് തിരിച്ചടി
ഇ-സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കുന്നതിനാൽ 100 രൂപയുടെ മുദ്രപ്പത്ര അച്ചടി സർക്കാർ നിർത്തിവച്ചിരുന്നു. പദ്ധതി വൈകിയതു മൂലമാണ് നിലവിലെ ക്ഷാമം ഉണ്ടായത്. 20 രൂപയുടെ പഴയ മുദ്രപത്രങ്ങൾ പുനർമൂല്യം ചെയ്ത് 100രൂപയുടെ സീൽ പതിച്ചാണിപ്പോൾ ആവശ്യക്കാക്ക് നൽകുന്നത്. 20 രൂപയുടെ സ്റ്റാമ്പ് പേപ്പറുകൾ തീർന്നാൽ സീൽ ചെയ്തു നൽകാൻ മുദ്രപത്രങ്ങളുമുണ്ടാവില്ല.
100 രൂപയുടെ മുദ്രപത്രം വാങ്ങിക്കാനാണ് ഞാൻ വന്നത്. എന്നാൽ ഇവിടെ എത്തിയപ്പോഴാണ് 500 രൂപയുടേത് മാത്രമാണുള്ളതെന്ന് അറിഞ്ഞത്. മറ്റു വഴിയില്ലാത്തതുകൊണ്ട് ഇതു വാങ്ങിക്കേണ്ടി വന്നു. കുറച്ചു കൂടി കഴിഞ്ഞാൽ ഇതും കഴിയും. അപ്പോൾ 1000 രൂപയുടേത് വാങ്ങിക്കേണ്ടി വരും. സാധാരണക്കാർ എന്തു ചെയ്യും.
-കെ.കൃഷ്ണകുമാർ,താവം
പഴയ 20, 10 രൂപയുടെ സ്റ്റോക്കുള്ള സ്റ്റാമ്പ് പേപ്പറുകൾ റീവാലിഡേറ്റ് ചെയ്ത് 100 രൂപ സീലടിച്ചാണിപ്പോൾ സർക്കാർ മുദ്രപത്രങ്ങൾ തരുന്നത്. ജനറൽ സ്റ്റാമ്പ് പേപ്പറുകൾ വരാൻ ഒരു മാസംകൂടി കഴിയുമെന്നാണ് അറിയാൻ കഴിഞ്ഞത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ട്രഷറിയിൽ നിന്നും മുദ്രപത്രങ്ങൾ ലഭിക്കുന്നത്. സ്റ്റോക്ക് കഴിയുമ്പോളാണ് 500 രൂപയുടേത് വാങ്ങിക്കേണ്ടി വരുന്നത്.
ജഗദീഷ്, വെണ്ടർ