churam

കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44ാം മൈൽ ചുരം രഹിതപാതയെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു.വീതി കുറഞ്ഞതും കുത്തനെ കയറ്റങ്ങളുള്ളതുമായ നിലവിലുള്ള റോഡ് ഭാരവാഹനങ്ങൾക്ക് യോജ്യമല്ല.നിർമ്മാണ ചെലവ് കുറഞ്ഞതും കൊടുംവളവുകളോ വൻചുരങ്ങളോ ഇല്ലാത്തതുമായ റോഡിന്റെ നിർമ്മാണം ഉടൻ തുടങ്ങണമെന്നാണ് പൊതുവായി ഉയരുന്നത്.

ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ സഹായമെത്തിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നത് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡും കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന താമരശേരി ചുരം റോഡുമാണ്.കണ്ണൂരുമായി ബന്ധിപ്പിക്കുന്ന തലശേരി നെടുംപൊയിൽ മാനന്തവാടി ബാവലി അന്തർ സംസ്ഥാനപാത ഇപ്പോൾ തന്നെ അപകടാവസ്ഥയിലാണ്. തലശേരി ബാവലി റോഡിലുണ്ടായിട്ടുള്ള വിള്ളൽ കനത്ത ഭീഷണിയായി മാറിയിട്ടുണ്ട്. 2022ൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഈ റോഡ് ചിലയിടങ്ങൾ ഒലിച്ചുപോയി മാസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. സോയിൽ പൈപ്പിംഗ് മൂലമുള്ള അപകടസാദ്ധ്യതയും ഇവിടെയുണ്ട്. അനിശ്ചിത കാലത്തേക്ക് ഈ റോഡ് അടച്ചിട്ടിരിക്കുകയാണ്.കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലും എല്ലാ മഴക്കാലത്തും മണ്ണിടിഞ്ഞ് വീണ് തടസം പതിവാണ്.ഇടക്കിടെ പാറ വീഴുന്നതാണ് ഈ റോഡിലെ മറ്റൊരു അപകടം. ഇത്തവണയും പാറ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. നിരവധി തവണ മണ്ണിടിഞ്ഞും തടസങ്ങളുണ്ടായിട്ടുണ്ട്.

നിയമസഭയിലുമെത്തി

കൊട്ടിയൂർ -അമ്പായത്തോട്-തലപ്പുഴ 44ാം മൈൽ ചുരംരഹിത പാത നിർമിക്കണമെന്ന ആവശ്യം സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. തലപ്പുഴ റോഡിന്റെ നിർമ്മണ വിഷയം പരിഗണനയിലില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയത്. തൊട്ടുപുറകെയാണ് വയനാട് ദുരന്തമെത്തിയത്.

14 കോടി രൂപ വകയിരുത്തിയിട്ടും നടപടിയില്ല

നാല് പതിറ്റാണ്ട് മുമ്പ് കൊട്ടിയൂർ പഞ്ചായത്തിന് വനംവകുപ്പ് ലീസിന് നൽകിയ സ്ഥലത്തൂടെയാണ് റോഡ് നിർമ്മിച്ചിരുന്നു. എന്നാൽ പിന്നീട് വനംവകുപ്പ് ലീസ് നിരസിച്ച് റോഡ് അടയ്ക്കുകയുമായിരുന്നു. മോൻസ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 2009 ലെ ബഡ്ജറ്റിൽ ഈ റോഡിനായി 14 കോടി രൂപ വകയിരുത്തിയതാണ്. 2017 ൽ റോഡിന്റെ സാദ്ധ്യത പഠിക്കാനും റിപ്പോർട്ട് ചെയ്യാനും പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ നിർദേശം നൽകിയിരുന്നു. എന്നാൽ വനഭൂമിയിൽ നിർമാണത്തിന് അനുമതി ലഭിക്കില്ലെന്ന ന്യായത്തിൽ പൊതുമരാമത്ത് വകുപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരും തടസം നിൽക്കുകയായിരുന്നു.