കാസർകോട്:മട്ടലായിയിൽ ദേശീയപാത പുനർനിർമ്മാണത്തിന്റെ മറവിൽ മണ്ണ് കടത്തുന്ന സംഭവത്തിൽ ഇടപെട്ട് കാസർകോട് ജില്ലാ ജിയോളജി വകുപ്പ്. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്ന് അനുവദിച്ചതിലും അധികം എടുത്തുവെന്ന് പരിശോധനയിൽ കണ്ടെത്തിയതിന് കാസർകോട് ജിയോളജിസ്റ്റ് കെ.കെ.വിജയ മണ്ണെടുക്കുന്നത് തടഞ്ഞു.
ചെറുവത്തൂർ പഞ്ചായത്ത് അധികൃതർ നൽകിയ കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ അശാസ്ത്രീയമായി കുന്നിടിച്ചതു മൂലം വീട് മട്ടലായിലെ എ.പി രമേശന്റെ വീട് അപകടാവസ്ഥയിലായത് കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് ദുരന്തം ഉണ്ടായ ദിവസം രാത്രി അധികാരികളുടെ അറിയിപ്പിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറിയ ഇവർ ദിവസങ്ങൾ കഴിഞ്ഞാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. അപകടകരമായ കുന്നിടിക്കലിന് അനുമതി നൽകിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു.കേരളകൗമുദി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മണ്ണ് നീക്കാനുള്ള ട്രാൻസിറ്റ് പെർമിറ്റ് പുതുക്കി നൽകാൻ ജിയോളജിസ്റ്റ് വിസമ്മതിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്
നാലംഗകുടുംബത്തിന്റെ ജീവന് ഭീഷണിയായ തരത്തിൽ കുന്നിടിക്കാൻ അനുമതി നൽകിയ സംഭവം കേരളകൗമുദി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി.പ്രമീള വിശദീകരണം തേടി. രമേശന്റെ ഭാര്യ അനിതാകുമാരി നൽകിയ പരാതിയിൽ കൃത്യമായി നൽകിയ മറുപടി കൈപ്പറ്റിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു. വീട് കെട്ടാനോ, കെട്ടിടം പണിയാനോ അല്ല മണ്ണെടുക്കുന്നതെന്ന് ജില്ലാകളക്ടറുടെ സന്ദർശനത്തിൽ ബോദ്ധ്യപ്പെട്ടതിനാൽ ഒരു കാരണവശാലും പെർമിറ്റ് കൊടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതെസമയം 2023 മാർച്ചിൽ നൽകിയ പരാതിക്ക് മറുപടി നല്കാൻ താമസിച്ചത് അന്വേഷിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു.