കാസർകോട്: അഡൂർ റിസർവ് വനത്തിന് സമീപം മല്ലംപാറയിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു. പുലി രക്ഷപ്പെടാൻ ഓടിയപ്പോൾ കെണിയിലെ കുരുക്ക് മുറുകുകയായിരുന്നു. പുലിയെ വലയിട്ട് പിടിക്കാനുള്ള ശ്രമവും വിജയിച്ചില്ല.
ഇന്നലെ രാവിലെ 10ഓടെ മല്ലംപാറയിലെ അണ്ണപ്പ നായിക്കിന്റെ റബ്ബർ തോട്ടത്തിലാണ് അഞ്ചുവയസ് പ്രായമുള്ള പുലിയെ കണ്ടത്. അരഭാഗത്ത് കുരുക്ക് മുറുകിയതിനെ തുടർന്ന് രാവിലെ മുതൽ ശൗര്യം പ്രകടിപ്പിച്ച പുലി ഉച്ചയ്ക്ക് 12 മണിയോടെ ചത്തു. സംഭവം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തിയിരുന്നു. പുലി അക്രമാസക്തനായിരുന്നതിനാൽ ആർക്കും അടുത്തുപോകാൻ സാധിച്ചില്ല.
കണ്ണൂരിൽ നിന്നോ വയനാട്ടിൽ നിന്നോ മയക്കുവെടിവയ്ക്കുന്ന സംഘത്തെയെത്തിച്ച് പുലിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാമെന്ന കണക്കുകൂട്ടലിലായിരുന്നു വനംവകുപ്പ്. കാട്ടുപന്നിക്കായി വച്ച കെണിയിൽ തന്നെയാണ് പുലി വീണതെന്ന് വ്യക്തമായിട്ടുണ്ടെന്ന് കാസർകോട് ഡി.എഫ്.ഒ കെ. അഷ്റഫ് പറഞ്ഞു.പുള്ളിപ്പുലിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ എട്ടുമണിയോടെ നടക്കും.