1

കാസർകോട്: ഐ.സി.എ.ആർ വികസിപ്പിച്ചെടുത്ത 109 വിളകൾ ന്യൂഡൽഹിയിലെ എൻ.എ.എസ്.സി കോംപ്ലക്സിലെ ഭാരതരത്ന സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുമ്പോൾ കാസർകോട് സി.പി.സി.ആർ.ഐയ്ക്കും അഭിമാനമുഹൂർത്തം. കൽപ സുവർണ, കൽപ്പ ശതാബ്ദി എന്നീ പുത്തൻ തെങ്ങിനങ്ങളും വി.ടി.എൽ.സി.എച്ച് വൺ , വി.ടി.എൽ.സി എച്ച് ടു എന്നീ കൊക്കോ ഇനങ്ങളും ഈ കൂട്ടത്തിലുണ്ട്.

മികച്ച പാനീയമായും മികച്ച കൊപ്രയുമാണ് പുതിയ രണ്ട് തെങ്ങിനങ്ങളുടേയും പ്രധാന പ്രത്യേകത.ഉത്പാദനക്ഷമതയും ഏറെയാണ്. കൽപ സുവർണ കേരള,കർണാടക എന്നീ സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്ന നിലയിലാണ് വികസിപ്പിച്ചിരിക്കുന്നത്. കല്പ ശതാബ്ദി ഇരുസംസ്ഥാനങ്ങൾക്കും പുറമെ തമിഴ്നാട്ടിലെ കാലാവസ്ഥയ്ക്ക് കൂടി അനുയോജ്യമാണ്.

നേരത്തെ കായ്ക്കുന്നതും സ്ഥിരതയുള്ളതും ഉയർന്ന വിളവ് നൽകുന്നതുമായ ഇടത്തരം മേലാപ്പ് ഉള്ള ഹൈബ്രിഡ് കൊക്കോ ആയ വി.ടി.എൽ.സി എച്ച് 1 ആണ് സി.പി.സി.ആർ.ഐ വികസിപ്പിച്ചെടുത്ത മറ്റൊരു ഇനം.

കറുത്ത പോഡ് ചെംചീയൽ, തേയില കൊതുക് കീടബാധ എന്നിവയെ ചെറുക്കുന്ന ഈ ഇനം കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാനാണ് ശിപാർശ ചെയ്തിരിക്കുന്നത്. മികച്ച വിളവ് നൽകുന്ന വി.ടി.എൽ.സി എച്ച് 2 എന്ന കൊക്കോ ഇനവും ഇതോടൊപ്പം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് ഈ ഇനം വികസിപ്പിച്ചത്.

കൽപ സുവർണ

കുള്ളൻ, അത്യുൽപാദനശേഷി, പച്ച നിറമുള്ള, ദീർഘചതുരാകൃതിയിലുള്ള തേങ്ങ, വെള്ളത്തിന് മികച്ച മധുരം, നിലവാരമുള്ള കൊപ്ര എന്നിവയാണ് പ്രത്യേകത. നട്ട് മുപ്പതു മുതൽ 36 മാസത്തിനുള്ളിൽ കായ്ക്കും. നന്നായി പരിപാലിച്ചാൽ 108മുതൽ 130 തേങ്ങ വരെ പ്രതിവർഷം ലഭിക്കും.

കൽപ്പ ശതാബ്ദി

കൊപ്രയ്ക്കും ഇളം പരിപ്പ് ഉൽപാദനത്തിനും അനുയോജ്യമായ വലിയ തേങ്ങ. ഉയരമുള്ള തെങ്ങ്, പച്ച കലർന്ന മഞ്ഞ നിറം. ഗുണമേന്മയുള്ള ഇളനീർ ലഭിക്കും . കൊപ്രയുടെ തൂക്കം 273 വരെയുണ്ടാകും. നല്ല പരിപാലനമുണ്ടായാൽ 105മുതൽ 148 വരെ തേങ്ങ ലഭിക്കും.