കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഫീസിന്റെ പേരിൽ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ.നിലവിൽ ടൂവീലർ 24 മണിക്കൂർ പാർക്കിംഗിന് 25 രൂപയാണ് നിശ്ചയിച്ചതെങ്കിലും അഞ്ച് മിനുട്ട് വൈകിയാൽ അടുത്ത ദിവസത്തെ ചാർജും ഈടാക്കിയാണ് റെയിൽവേയിലെ കൊള്ള. ഇതേചൊല്ലി യാത്രക്കാരും കരാറുകാരും തമ്മിൽ മിക്കപ്പോഴും തർക്കം പതിവാണ്. കഴിഞ്ഞ ദിവസം ബൈക്ക് പാർക്ക് ചെയ്ത് വന്ന ഒരു യാത്രക്കാരനിൽ നിന്ന് അഞ്ചുമിനിട്ട് വൈകിയതിന് അധികമായി 25 രൂപ ഈടാക്കിയിരുന്നു.
സതേൺ റെയിൽവേയുടെ നിർദേശ പ്രകാരമാണ് ഫീസ് നിരക്കെന്നാണ് കരാർ ഏറ്റെടുത്തയാളുടെ വാദം. നിലവിൽ പാർക്കിംഗുമായി ബന്ധപ്പെട്ട് കിഴക്കേ കവാടത്തിൽ സതേൺ റെയിൽവേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മുമ്പ് അരമണിക്കൂർ താമസിച്ചാൽ പോലും ഇത്രയധികം പണം ഈടാക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു.
ടൂവീലർ 25 രൂപ, ഫോർ വീലർ 95 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഫോർ വീലറിന് 24 മണിക്കൂർ കഴിഞ്ഞാൽ 120 രൂപ അടക്കണം. 24 മണിക്കൂറിന് ശേഷം വൈകുന്ന ഓരോ മണിക്കൂറിനും നിശ്ചിത തുക ഈടാക്കുന്നതിൽ പ്രശ്നമില്ലെന്നും പകരം ഇത്തരത്തിൽ യാത്രക്കാരെ പിഴിയുന്ന സമീപനത്തെ അംഗീകരിക്കാനാക്കില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ടിക്കറ്റെടുക്കാൻ എത്തുന്നവരും ഫീസ് നൽകണം
കിഴക്കേ കവാടത്തിൽ കുറച്ച് സമയത്തേക്ക് വാഹനങ്ങൾ ഒതുക്കി ടിക്കറ്റെടുക്കാൻ പോകുന്ന യാത്രക്കാരിൽ നിന്നും പാർക്കിംഗ് ഫീസ് ഈടാക്കുന്നതായി പരാതി ഉയരുന്നുണ്ട്. താൽക്കാലിക പാർക്കിംഗിന് യാതൊരു ക്രമീകരണവും ഒരുക്കാതെയാണ് ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത്. ടിക്കറ്റെടുക്കാൻ വലിയ ക്യൂ ആണെങ്കിൽ പരമാവധി 15 മിനുട്ടോളം വണ്ടി നിത്തേണ്ടി വരും. ഇവരോട് പണം പിരിക്കുന്ന രീതിയാണ് തുടരുന്നത്. നിലവിൽ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾക്ക് കയറാൻ പറ്റാത്ത വിധം കരാറുകാർ ഡ്രം സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. അതിനാൽ റോഡിൽ ദൂരെ വണ്ടി നിർത്തി സ്‌റ്റേഷനിലേക്ക് നടന്ന് വന്നു വേണം ടിക്കറ്റെടുക്കാൻ.
സതേൺ റെയിൽവേയുടെ നിർദേശ പ്രകാരമുള്ള പാർക്കിംഗ് ഫീസാണ് ഈടാക്കുന്നതെന്നാണ് കരാറുകാർ പറയുന്നത്.അധികൃതർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.പത്ത് മിനിറ്റ് വൈകി വാഹനം എടുത്താൽ പോലും അടുത്ത ദിവത്തേക്കുള്ള ഫീസ് ഈടാക്കുന്ന സമീപനമാണ്.മുൻപ് ഇത്തരത്തിലായിരുന്നില്ല.
കെ.സി.സന്ദീപ് (യാത്രക്കാരൻ)