കേളകം: ഭൂമിയിൽ വിള്ളലുകൾ രൂപപ്പെട്ട കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ കുരുവംപ്ലാക്കൽ ജസ്റ്റിനും കുടുംബവും ഇപ്പോൾ ഒറ്റപ്പെടലിലാണ്. ഭൂമിയുടെ അന്തർഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്ന സോയിൽ പൈപ്പിംഗ് പ്രതിഭാസംമൂലം ഭൂമിയിലും വീടുകളിലും വിള്ളലുകൾ രൂപപ്പെട്ടതോടെ ആധിമൂത്ത് കൈലാസംപടിയിലെ മറ്റ് കുടുംബങ്ങളെല്ലാം സുരക്ഷിതമായ ഇടം തേടിയതോടെയാണ് ജസ്റ്റിനും കുടുംബവും ഒറ്റപ്പെട്ടത്. എൺപത്തിയഞ്ചുകാരിയായ അമ്മ മേരിക്കും ഭാര്യ യമീമയ്ക്കും ഇരുപത് ശതമാനം മാത്രം കാഴ്ചയുള്ള മകൻ ആഷെലിനുമൊപ്പമാണ് 54കാരനായ ജസ്റ്റിൻ ഇവിടെ കഴിയുന്നത്.
കൃഷിയിടങ്ങളിൽ വിള്ളൽ വീണതോടെ വലിയ ആശങ്കയിലാണ് ഈ കുടുംബം.ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ കൃഷിഭൂമിയിലും വിള്ളൽ വീണിട്ടുണ്ട്.പ്രദേശം സോയിൽ പൈപ്പിംഗ് പ്രതിഭാസമുള്ള ഇടമായതിനാൽ ഏതുസമയത്തും വിള്ളൽ വീഴാമെന്ന സ്ഥിതിയാണ്. രാത്രിയിലോ മറ്റോ എന്തെങ്കിലും അപകടമുണ്ടായാൽ സഹായത്തിനു വിളിക്കാൻ പോലും ഒരാളില്ലാത്ത അവസ്ഥയാണ്. എന്താവശ്യമുണ്ടെങ്കിലും ഓടിയെത്തിയിരുന്ന അയൽവാസികൾ ദൂരെയുള്ള വാടകവീടുകളിലേക്കും മറ്റും മാറി താമസിക്കുകയാണ്. ഒരപകടമുണ്ടായാൽ സമീപത്ത് ഒരു വാഹനം പോലുമില്ല. രണ്ട് കിലോമീറ്ററോളം അപ്പുറത്തുനിന്നും വാഹനങ്ങൾക്ക് കയറിവരാനും ബുദ്ധിമുട്ടാണെന്ന് ജസ്റ്റിൻ പറയുന്നു.
വാടകവീടുകളിലേക്ക് മാറിയത് അഞ്ച് കുടുംബങ്ങൾ
സാമ്പത്തിക പ്രതിസന്ധി മൂലം കുറച്ച് സ്ഥലം വാങ്ങി വീട് വച്ച് സുരക്ഷിതമായി താമസിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്.ഏഴു കുടുംബങ്ങളെ മാറ്റിപാർപ്പിച്ച സർക്കാർ വീടിനായി പത്തുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള പത്ത് കുടുംബങ്ങളും പുനരധിവാസത്തിനുള്ള പരിഗണനാലിസ്റ്റിലുണ്ട്. ജസ്റ്റിന്റെ സമീപവാസികളായ അഞ്ച് കുടുംബങ്ങൾ ഇവിടെ നിന്നും വാടക വീടുകളിലേക്ക് മാറി.
കൈലാസംപടിയിലെ വിള്ളൽ
2003 ൽ ആണ് ആദ്യമായി ഭൂമിയിൽ വിളളൽ രൂപപ്പെടുന്നതായി കണ്ടെത്തിയത്. പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഴക്കാലത്ത് മൂന്ന് വീടുകൾ വിള്ളലിൽ തകർന്നു.കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വിള്ളൽ വ്യാപിച്ചു. കൂടുതൽ വീടുകൾ ഭീഷണിയുടെ നിഴലിലായി . ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. ഇവർക്ക് വീടിനായി പത്തുലക്ഷം രൂപയും അനുവദിച്ചു .ബാക്കിയുള്ള എട്ട് കുടുംബങ്ങളുടെ കാര്യത്തിൽ വീണ്ടും വിശദമായ പഠനം നടത്താൻ പാലക്കാട് ഐ.ഐ.ടിയെ ദുരന്തനിവാരണ അതോറിറ്റിയെ ഏൽപ്പിച്ചു. സോയിൽ പൈപ്പിംഗാണ് ഭൂമിയിൽ വിളളൽ ഉണ്ടാകുന്നതെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയത്.