
കൊച്ചി: ഒന്നരക്കോടി രൂപയുടെ വഖഫ് ഫണ്ട് തിരിമറി ചെയ്തെന്ന കേസിൽ മുസ്ലിംലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും പുറത്തിൽ മിറാക്കത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.പി. താഹിറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
2010-15 കാലയളവിൽ ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരിക്കെ ഹർജിക്കാരൻ കണക്കുകളിൽ കൃത്രിമം നടത്തിയെന്നായിരുന്നു പരാതി. പണം തിരിച്ചുപിടിക്കണമെന്നും താഹിറിനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് 2023 മാർച്ചിൽ സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിറക്കിയിരുന്നു. ജമാഅത്ത് കമ്മിറ്റി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാരനെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് താഹിർ സമർപ്പിച്ച ഹർജിഅനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.വഖഫ് നിയമത്തിലെ വകുപ്പ് 47,48 പ്രകാരം വഖഫ് ബോർഡ് ഒരിക്കൽ അംഗീകരിച്ച ഓഡിറ്റ് റിപ്പോർട്ട് പുനപ്പരിശോധിക്കണമെന്ന് സർക്കാരിനോ പൊലീസിനോ നിർദ്ദേശിക്കാനാകില്ല. ഈ നിയമം മറികടന്നാണ് ഒന്നരക്കോടി രൂപ ഈടാക്കാനും ക്രിമിനൽ കേസ് എടുക്കാനും ഉത്തരവിട്ടതെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.