photo-1
പഴശ്ശി പദ്ധതി പ്രദേശം

കണ്ണൂർ: മലയോരത്തിന്റെ സ്വപ്ന പദ്ധതിയായ പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി പ്രവർത്തനം അവതാളത്തിൽ. നിർമ്മാണം പാതിവഴിയിൽ നിർത്തിയിട്ട് മാസങ്ങളായിട്ടും അധികൃതർ മെല്ലേപ്പോക്ക് നയം തുടരുകയാണ്. മറ്റ് വൈദ്യുത പദ്ധതികൾ പോലെ കൂറ്റൻ അണക്കെട്ടോ, നെടുനീളൻ കനാലുകളോ പഴശി സാഗർ പദ്ധതിക്കില്ല. എന്നിട്ടും നിർമ്മാണം തുടങ്ങി ആറര വർഷം കഴിഞ്ഞിട്ടും 42 ശതമാനം പ്രവൃത്തികൾ മാത്രമാണ് നിലവിൽ പൂ‌ർത്തീകരിച്ചിട്ടുള്ളത്.

കെ.എസ്.ഇ.ബിയുടെ പൂർണ മേൽനോട്ടത്തിൽ നടത്തുന്ന ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികളിലൊന്നാണ് പഴശ്ശി സാഗർ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സിവിൽ കരാറുകാരന് കഴിഞ്ഞ ഏപ്രിൽ 30ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കരാറുകാരൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

പഴശി ഇറിഗേഷൻ പദ്ധതിയുടെ അണക്കെട്ടിൽ ശേഖരിച്ചു നിർത്തുന്ന വെള്ളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. മഴക്കാലത്തും ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ തീരുമാനിച്ചത്. ജലവിഭവ വകുപ്പിനു കീഴിലുള്ള പഴശി പദ്ധതിയുടെ 3.05 ഹെക്ടർ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയിൽ അണക്കെട്ടിൽ നിന്നും വൈദ്യുത പദ്ധതിയുടെ പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള മൂന്ന് തുരങ്കത്തിന്റെ നിർമാണം ഇതിനകം പൂർത്തിയായിരുന്നു. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി പദ്ധതിയിൽ ഉപയോഗിക്കുക. എന്നാൽ പദ്ധതി പാതിപോലും പൂർത്തിയാകാതെ നിലച്ചിരിക്കുകയാണ്. 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയിലൂടെ പ്രതിവർഷം 25.16 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഫലം കാണാതെ 15 പദ്ധതികൾ

ഏകദേശം 15ഓളം ചെറുകിട പദ്ധതികൾ ഇത്തരത്തിൽ ഫലം കാണാതെ കിടക്കുകയാണ്. 1993ൽ പണി തുടങ്ങിയ ചന്ദനക്കാംപാറയിലെ വഞ്ചിയം ജലവൈദ്യുത പദ്ധതി വടക്കേമലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായിരുന്നു. എന്നാൽ 31 വർഷമായിട്ടും പദ്ധതിയുടെ പണി എങ്ങുമെത്തിയിട്ടില്ല. പദ്ധതി പൂർത്തിയായാൽ പയ്യാവൂർ, എരുവേശി പഞ്ചായത്തുകളിലേക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുമായിരുന്നു. അടക്കാത്തോട് (3 മെഗാവാട്ട്), കൊക്കമുള്ള് (2), കൈതക്കൊല്ലി ഡൈവേർഷൻ (10), കാഞ്ഞിരക്കൊല്ലി (5), മുക്കട്ടത്തോട് (3), പെരുവ (2), ചാത്തമല (1), ഉരുട്ടി പുഴ (1), കോഴിച്ചാൽ (1), ഫർലോങ്ക (1), കാലങ്കി (1), ഓടപുഴ (1), പെരുവ (1), രണ്ടാംകടവ് (ഒരു മെഗാവാട്ട്) എന്നിവയാണ് പൂർത്തിയാകാത്ത മറ്റ് ജലവൈദ്യുത പദ്ധതികൾ.

25.16 മില്യൺ യൂനിറ്റ്

പഴശി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയിൽ നിർമ്മിക്കുന്ന പദ്ധതിയിൽ നിന്നും പ്രതിവ‌ർഷം 25.16 മില്യൺ യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്.

സമയബന്ധിതമായി പ്രവൃത്തിയുടെ രൂപരേഖ ഉൾപ്പെടെ നൽകുന്നതിൽ കെ.എസ്.ഇ.ബി.യിൽനിന്ന് വീഴ്ചയുണ്ടായതാണ് കാലതാമസത്തിനിയാക്കിയത്. കോടികളുടെ കുടിശ്ശിക ലഭിക്കാനുമുണ്ട്.
നിർമ്മാണ കമ്പനി അധികൃതർ