തൃക്കരിപ്പൂർ: കടലോളം പ്രതീക്ഷയുമായി കടൽ കടന്ന കമലാക്ഷന്റെ കണ്ണിണകളിൽ ഇപ്പോഴും ഭീതിയുടെ തിരയിളക്കം. ഇന്നേക്ക് രണ്ടു മാസം തികയുന്ന കുവൈത്ത് ദുരന്തത്തിൽ നിന്നും ആത്മധൈര്യവും മനക്കരുത്തും കൊണ്ട് അഗ്നി വിഴുങ്ങിയ ബഹുനില കെട്ടിടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ടി.വി. നളിനാക്ഷൻ ഒളവറയിലെ വീട്ടിലെത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരടക്കമുള്ള നാട്ടുകാരോട് വിവരിക്കാനേറെ.
സംഭവ ദിവസം പതിവുപോലെ കാലത്ത് അഞ്ചരക്ക് എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾക്ക് ശേഷം മുറിയിലേക്ക് തിരിച്ചു വന്നപ്പോഴാണ് അന്തരീക്ഷത്തിന് എന്തോ അസ്വാഭാവികത തോന്നിയത്. കോറിഡോറിൽ ഇറങ്ങിയപ്പോൾ പുകപടരുന്നതും അഗ്നിബാധ ഉണ്ടായതായി തിരിച്ചറിയുകയും ചെയ്തു. കോറിഡോറിലൂടെ രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പിച്ചതോടെ അടുത്ത മുറിയിലുണ്ടായിരുന്ന രണ്ടു പേരെ വിളിച്ചുണർത്തിയ ശേഷം ബാൽക്കണിയിലേക്ക് കുതിച്ചു. ബാൽക്കണിയുടെ തൊട്ടുതാഴെ പാർക്കു ചെയ്ത സ്വന്തം കാറിന്റെ പരിസരത്തെ വാട്ടർ ടാങ്ക് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, ബാൽക്കണിയുടെ ഗ്ലാസ് തകർത്ത് മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ കിടന്നപ്പോൾ കുവൈത്ത് ആരോഗ്യമന്ത്രിയടക്കം ആശ്വസിപ്പിക്കാ നെത്തിയതും ജോലി ചെയ്യുന്ന എൻ.ബി.ടി.സി കമ്പനിയുടെ നിസ്സീമമായ സഹായവും സഹകരണവുമാണ് ഇപ്പോൾ ജീവനോടെയിരിക്കാൻ ഇടയായതെന്ന് ഔദ്യോഗിക ജോലിയോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാറുള്ള ഈ പ്രവാസി പറഞ്ഞു. മെല്ലെ നടക്കാൻ കഴിയുമെന്നായപ്പോഴാണ് നാട്ടിലേക്ക് തിരിച്ചത്.
കഴിഞ്ഞ ജൂൺ പന്ത്രണ്ടിനാണ് കുവൈത്തിലെ മൂന്നുനില കെട്ടിട സമുച്ചയത്തിലെ ലേബർ ക്യാമ്പിൽ അഗ്നിബാധ ഉണ്ടായത്. ഇളമ്പച്ചിയിലെ പിലിക്കോട് സ്വദേശി കേളുവടക്കം നിരവധി പേർ ദാരുണമായി മരണപ്പെട്ട മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ നളിനാക്ഷന്റെ സാന്നിദ്ധ്യം അമ്മ ടി.വി യശോദയുടെയും ഭാര്യ ബിന്ദുവിന്റെയും കണ്ണുകളിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. നാട്ടുകാരടക്കം വലിയൊരു സമൂഹം നളിനാക്ഷന്റെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങി വരുന്നവഴിയിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ദർശനവും കഴിഞ്ഞാണ് ഇയാൾ വീട്ടി ലെത്തിയത്.