മാഹി: ഇരുന്നുറ്റി അമ്പത് വയസ്സുള്ള, ഫ്രഞ്ചു വാഴ്ചക്കാലത്ത് സ്ഥാപിതമായ മയ്യഴി നഗരസഭ ഇന്ന് നാഥനില്ലാ കളരി. ഫ്രഞ്ച് ഭരണകാലത്ത് കൃത്യമായി തിരഞ്ഞെടുപ്പും മാതൃകാ പ്രവർത്തനങ്ങളും നടത്തിവന്ന നഗരസഭ ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ ജനങ്ങൾക്ക് വിസ്മയമായിരുന്നു. നഗരസഭ എന്ന സങ്കൽപ്പം പോലും അന്നുണ്ടായിരുന്നില്ല.
എന്നാലിന്ന് ജനകീയഭരണം നഷ്ടമായിട്ട് എട്ട് വർഷമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന് ആർക്കുമറിയില്ല. കമ്മിഷണറും മാനേജരുമില്ല. രണ്ട് അസിസ്റ്റന്റ്, നാല് യു.ഡി.ക്ലാർക്ക്, രണ്ട് ക്ലാർക്ക് തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. ഹെൽത്ത് ഇൻസ്പെക്ടർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ തസ്തികകളും ഒഴിഞ്ഞുകിടപ്പാണ്. ഒരു അസിസ്റ്റന്റ് എൻജിനീയറുടേയും രണ്ട് ജൂണിയർ എൻജിനീയർമാരുടേയും കസേരകൾ നികത്തപ്പെടാതെ കിടക്കുന്നു.
മുൻസിപ്പാൽ കൗൺസിലും, കമ്മിഷണറും ഇല്ലാതായതോടെ ഭരണം മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയിലുമായി. ജനനമരണ രജിസ്‌ട്രേഷനല്ലാതെ മറ്റൊന്നും നേരെ ചൊവ്വെ നടക്കുന്നുമില്ല. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. കൃത്യമായി തിരഞ്ഞെടുപ്പ് നടത്താത്തതിനാൽ കേന്ദ്ര സർക്കാരിന്റെ ഫണ്ട് വിഹിതവും ലഭിക്കുന്നില്ല. കോടികളുടെ നഷ്ടമാണ് പ്രതിവർഷം ഇതുമൂലമുണ്ടാകുന്നത്. ഉത്തര കേരളത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണെങ്കിലും ഒരു ബസ് സ്റ്റാൻഡ് പോലും നിർമ്മിക്കാനായിട്ടില്ല.
24 ജീവനക്കാർ മാത്രം
മാഹി നഗരസഭയിൽ മുൻപ് ഫീൽഡ് സ്റ്റാഫടക്കം എഴുപതുപേർ ജോലി ചെയ്തിടത്ത് ഇപ്പോൾ കഷ്ടിച്ച് 24 പേർ മാത്രം. അതു തന്നെ പെൻഷൻ പറ്റിയവരെ വീണ്ടും നിയമിച്ചതും, അടച്ചുപൂട്ടിയ മാഹി വികസന ബ്ലോക്കിലെ ചില ജീവനക്കാരും. നഗരസഭയുടേതായ സ്വന്തം ജീവനക്കാർ ആരും തന്നെയില്ല.