കാസർകോട്: കാസർകോട് ജനറൽ ആശുപത്രിക്ക് കായകൽപ സംസ്ഥാന തല അവാർഡ്. സേവനത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ ആശുപതികൾക്ക് അവാർഡ് നിശ്ചയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്ഥാന തല അസസ്മെൻ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് അവാർഡ് പ്രഖ്യാപിച്ചത് .മൂന്ന് ലക്ഷം രൂപയും പ്രശംസ പത്രവും ഈ അവാർഡിലൂടെ ലഭിക്കും. കായകൽപ അവാർഡ് ലഭിക്കുന്നതിന് വേണ്ടി കഠിന പ്രയത്നം ചെയ്ത മുഴുവൻ ജീവനക്കാർക്കും ആശുപത്രി സൂപ്രണ്ട് ശ്രീകുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാൽ അഹ്മദും അഭിനന്ദനങ്ങൾ അറിയിച്ചു. ജീവനക്കാരുടെ കുറവുണ്ടെങ്കിലും

നിലവിലുള്ള ജീവനക്കാരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ മൂലമാണ് ഇത് സാദ്ധ്യമായതെന്ന് അവർ പറഞ്ഞു. ഗർഭിണികളുടെയും കുട്ടികളുടെയും സേവനം മെച്ചപ്പെടുത്തുന്ന എം.ബി.എഫ്.എച്.ഐ യുടെ അസസ്മെന്റ് ടീം കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നുവെന്നും അതിലും വിജയം പ്രതിക്ഷിക്കുന്നതായും അവർ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ജനറൽ ആശുപത്രി കായകൽപ അസസ്മെന്റിന് പോകുന്നത്. ആദ്യത്തെ പ്രാവശ്യം അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. ഡോ.രാജറാം സുപ്രണ്ടായിരിക്കുമ്പോഴായിരുന്നു ഇത് . ഡോ.അംജിത് കുട്ടിയുടെയും ഡോ.മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിലുള്ള ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം, പി.ആർ.ഒ സൽമയുടെ നേതൃത്വത്തിലുള്ള എൻ.എച്ച്.എം ജീവനക്കാർ, ലാബ് ,ഫാർമസി, ബ്ലഡ് ബാങ്ക്, പാലിയേറ്റിവ് ,എച്ച്.എം.സി താൽക്കാലിക വിഭാഗം ജീവനക്കാർ തുടങ്ങി മുഴുവൻ ജീവനക്കാരുടെയും സഹകരണത്തോടെയാണ് ജനറൽ ആശുപത്രിക്ക് ഈ വിജയം സാദ്ധ്യമായത് .