chembery
ചെമ്പേരി ബസ് സ്റ്റാൻഡ്

ചെമ്പേരി: ശാപമോക്ഷമില്ലാതെ ചെമ്പേരി ബസ് സ്റ്റാൻഡ്. ഏരുവേശ്ശി പഞ്ചായത്ത് നിർമ്മിച്ച ചെമ്പേരി ബസ് സ്റ്റാൻഡിൽ വർഷങ്ങളായി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ ബസുകൾ കയറാറില്ല. വിശ്രമ വേളകളിൽ ബസുകൾ ഇവിടെ കൊണ്ടിവന്നിടുന്നതാണ് ആകെ നടക്കുന്ന കാര്യം. ഇപ്പോൾ ലോറിയും മറ്റ് വാഹനങ്ങളും ദീർഘനേരം പാർക്കിംഗിനായി ബസ് സ്റ്റാൻഡ് പ്രയോജനപ്പെടുത്തുന്നതല്ലാതെ യാത്രക്കാരും ബസുകളും തുടക്കം മുതൽ ബസ് സ്റ്റാൻഡ് കൈയൊഴിയുകയായിരുന്നു.

ചെമ്പേരി ടൗണിൽ നിന്ന് ബസ് സ്റ്റാൻഡ് 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് പ്രധാന പ്രശ്നം. ഇത്രയും ദൂരം സഞ്ചരിക്കാൻ സമയം അനുവദിക്കുന്നില്ലെന്നാണ് സർവീസ് നടത്തുന്ന ബസ് ജീവനക്കാരുടെ വാദം. ബസുകൾ എപ്പോഴും ടൗണിന്റെ പ്രധാനഭാഗത്തു ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. വർഷങ്ങൾക്ക് മുമ്പേ ടൗണിൽ ബസുകൾ തോന്നുംപോലെ നിർത്തിയിടുന്നതായിരുന്നു കാഴ്ച. ആളുകളെ കയറ്റാനും ഇറക്കാനും പ്രധാന സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. ചെമ്പേരി സർക്കിളിന് ചുറ്റും ബസ് നിർത്തിയിടുന്നത് ഗതാഗത കുരുക്ക് സൃഷ്ടിച്ചു. അപകടങ്ങളും തുടർക്കഥ ആയപ്പോഴാണ് ബസ് സ്റ്റാൻഡെന്ന ആവശ്യം ഉയർന്നത്. താത്കാലിക പരിഹാരം എന്ന നിലയിൽ വിവിധ ഭാഗത്തേക്ക് ഉള്ള ബസുകൾ നിർത്താൻ പ്രത്യേക സ്ഥലങ്ങൾ നൽകി.

കോൺഗ്രസ് നേതാവും കുടിയേറ്റ കർഷകനുമായിരുന്ന അലക്സാണ്ടർ കടൂക്കുന്നേൽ സൗജന്യമായി നൽകിയ സ്ഥലത്താണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. ടൗണിലെ ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷയായിരുന്നു അന്ന്. മലയോര ഹൈവയിലാണ് ബസ് സ്റ്റാൻഡ്. കോംപ്ലക്സും ശുചിമുറിയും എല്ലാം പഞ്ചായത്ത് നല്ല രീതിയിൽ ഒരുക്കി വച്ചിരുന്നു. എന്നാൽ ബസുകൾ മാത്രം കയറിയില്ല.

നിലവിൽ ബസ് സ്റ്റാൻഡിന്റെ സ്ഥിതി വളരെ വൃത്തിഹീനമാണ്. ശൗചാലയം പോലും നാട്ടുകാരുടെ ഉപയോഗത്തിന് അനുയോജ്യമല്ല

ചില ലോറികളും മറ്റും പാർക്ക് ചെയ്യാനും ചില ബസുകൾ നിർത്തിയിടാനും ഇവിടം ഉപയോഗിക്കുന്നു

ചെമ്പേരി ബസ് സ്റ്റാൻഡ് മാത്രമല്ല, ഉളിക്കലും, കരുവൻചാലുമൊക്കെ ചെമ്പേരി മാതൃകയിലുള്ള ബസ് സ്റ്റാൻഡുകളുണ്ട്

മലയോരത്തിന്റെ വികസനം മുന്നിൽ കണ്ട് പണിത ബസ് സ്റ്റാൻഡ് ഒരിക്കലും ഉപയോഗ്യ ശൂന്യമായി കിടക്കരുത്. അത് ആൾക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആക്കിയെടുക്കാൻ വ്യക്തമായ പ്ലാനിംഗോടെ പദ്ധതി രൂപീകരിക്കണം.

നാട്ടുകാർ