നീലേശ്വരം: കോരിച്ചൊരിയുന്ന മഴയായാലും കത്തിയെരിയുന്ന വേനൽ ചൂടായാലും നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം അഴിത്തലക്കാരുടെ വിധി ഉപ്പു വെള്ളം കുടിക്കാൻ തന്നെ. 2015ൽ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി പ്രകാരം 90 ലക്ഷം രൂപ ചെലവിൽ ഇവിടെ കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു. അന്നത്തെ എം.പി പി.കരുണാകരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കടലിൽ നിന്നും ഉപ്പ് വെള്ളം ശേഖരിച്ച് ശുചീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതായിരുന്നു പദ്ധതി. എന്നാൽ കേവലം ഒരു വർഷം മാത്രമാണ് ഈ പദ്ധതിയിൽ നിന്നും നാട്ടുകാർക്ക് കുടിക്കാൻ ശുദ്ധവെള്ളം കിട്ടിയത്. അതിനുശേഷം കഴിഞ്ഞ ഏഴ് വർഷമായി ഈ പദ്ധതിയിൽനിന്നുമുള്ള കുടിവെള്ള വിതരണം നടക്കുന്നില്ല. ഇതോടെ വാട്ടർ ടാങ്ക് നശിക്കുകയും പരിസരം കാടുമുടി കിടക്കുകയുമാണ്.
ഏതാണ്ട് 140 ഓളം കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിൽ നിന്നും കുടിവെള്ളം ലഭിച്ചിരുന്നത്. 2015 ജൂൺ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ഈ പ്രദേശം പടന്ന പഞ്ചായത്തിന്റെ കീഴിലായിരുന്നു. പിന്നീട് നീലേശ്വരം നഗരസഭ രൂപീകരിച്ചതോടെ പുഴയ്ക്ക് ഇക്കരെയുള്ള പ്രദേശം നീലേശ്വരം നഗരസഭക്കൊപ്പം ചേർക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ ഇപ്പോൾ പദ്ധതിയുടെ അവകാശികൾ ആരെന്നതാണ് സംശയം ഉയരുന്നത്.
ചെലവ് ആര് കണ്ടെത്തും?
ആദ്യം വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിൽ ആവുകയായിരുന്നു. ഇത് നന്നാക്കിയെടുക്കാനും നല്ലൊരു തുക ചെലവഴിക്കണം. മോട്ടോർ നന്നാക്കി എടുത്താൽ തന്നെ കടലിൽ നിന്നും ശേഖരിക്കുന്ന ഉപ്പുവെള്ളം ശുചീകരിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾക്കും വൻ വിലയാണുള്ളത്. ഈ തുക എങ്ങനെ കണ്ടെത്തും എന്നുള്ളതും ജനകീയ കമ്മിറ്റിയെ ആശങ്കയിലാക്കുന്നു. ഇനിയിപ്പോൾ തങ്ങൾക്ക് കുടിക്കാൻ ആര് ശുദ്ധജലം തരുമെന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്നും ഉയരുന്നത്.