മടിക്കേരി(കർണ്ണാടക): മഴയിൽ കുളിച്ചുനിൽക്കുന്ന കുടക് മലനിരകൾക്ക് അലൗകികസൗന്ദര്യമാണ്. ചാറ്റൽ മഴയുടെ കുളിരും കോടമഞ്ഞിന്റെ അഴകും അറിയാൻ മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾ ഒഴുകുകയാണ് തലക്കാവേരിയും മടിക്കേരിയുമടക്കമടങ്ങുന്ന കേന്ദ്രങ്ങളിലേക്ക്.
നനുത്ത മഴ നനഞ്ഞും കോടയുടെ തണുപ്പിൽ കമ്പിളിയുടുപ്പണിഞ്ഞുമാണ് സഞ്ചാരികൾ ഇവിടെ ചിലവിടുന്നത്. കുടക് ജില്ലയിൽ പെട്ട മടിക്കേരിയും വീരാജ്പേട്ടയും സോംവാർപേട്ടയും പണ്ടുതൊട്ടേ സഞ്ചാരികളുടെ പറുദീസയാണ്. പ്രകൃതിയുടെ വരദാനമായ കാടുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇതിൽപെടും. ആയിരകണക്കിന് ഏക്കർ വിസ്തൃതിയുള്ള കാപ്പിത്തോട്ടത്തിലൂടെയാണ് യാത്ര. വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയാൽ കനത്ത കോട അരിച്ചുകയറും. കോടയിൽ കാപ്പി ഇലകളുടെ നടുവിൽ വിടർന്ന വെള്ളപ്പൂക്കൾ. കൊടക് ജില്ലയുടെ തലസ്ഥാനമായ മടിക്കേരിയ്ക്ക് കൊളോണിയൽ ഛായയാണ്. ഇംഗ്ളീഷുകാർ വിളിച്ച പേര് മെർക്കാറെ എന്നായിരുന്നു. വൃത്തിയുള്ള പട്ടണം. മടിക്കേരിയിൽ നിന്ന് 48 കിലോമീറ്റർ പോയാൽ കാവേരി നദിയുടെ ഉദ്ഭവ സ്ഥാനവും തീർത്ഥാടനകേന്ദ്രവുമായ തലക്കാവേരി മലമുകളിലെത്താം.
പശ്ചിമഘട്ട താഴ്വാരം
പശ്ചിമഘട്ടത്തിൽ 4100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് കുടക് ജില്ലയ്ക്ക്. തേക്ക് കാടുകളുള്ള പ്രദേശം. കാവേരി നദിയുടെ ഉദ്ഭവസ്ഥാനം കൂടിയാണ്. ജില്ലയുടെ ആസ്ഥാനമായ മടിക്കേരി സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് 1525 മീറ്റർ ഉയരത്തിൽ.
വടക്കുപടിഞ്ഞാറ് ഭാഗത്ത് ദക്ഷിണ കന്നഡ ജില്ലയും വടക്ക് ഹാസൻ ജില്ലയും തെക്ക് മൈസൂർ ജില്ലയും അതിരിടുന്ന കൊടകുമായി കാസർകോട് പനത്തടി പഞ്ചായത്തിലെ പാണത്തൂർ, കല്ലപ്പള്ളി, ബളാൽ പഞ്ചായത്തിലെ കോട്ടഞ്ചേരി മലനിരകളും തെക്ക് പടിഞ്ഞാർ കണ്ണൂർ, വയനാട് ജില്ലകളും അതിർത്തി പങ്കിടുന്നുണ്ട്. കാസർകോട് നിന്ന് ചെർക്കള ജാൽസൂർ സുള്ള്യ വഴി 109 കിലോമീറ്റർ യാത്ര ചെയ്താൽ മടിക്കേരിയിൽ എത്താം. പാണത്തൂർ വീരാജ്പേട്ട വഴി 106 കിലോമീറ്റർ ആണ് ദൂരം.
സ്വപ്നഭൂമിയായി രാജാസീറ്റ്
മടിക്കേരി നഗരത്തിന് സമീപം വലിയ താഴ്വാരത്തിന്റെ ദൃശ്യം കാണാവുന്ന സുന്ദര പ്രദേശമാണിത്. പഴയകാലത്ത് രാജാവ് വൈകുന്നേരങ്ങളിൽ വന്നിരിക്കുന്നതിനാലാണ് ഈ പേര് വന്നത്.ഉമ്മത്തറ്റ് എന്ന് ഒരു നൃത്തരൂപം ഇവിടെ അരങ്ങേറിയിരുന്നു. രാജാസീറ്റ് ഇപ്പോൾ ഒരു നല്ല ഉദ്യാനമാണ്. കുട്ടികൾക്കായി വിനോദ ട്രെയിനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൗട്ടി മാരിയമ്മൻ കോവിൽ എന്ന പുരാതന ക്ഷേത്രവും ഇവിടെയുണ്ട്. മടിക്കേരി കോട്ടയും ഗദ്ദിഗെയും ഓംകാരേശ്വര ക്ഷേത്രവും ഏറെ പ്രസിദ്ധമാണ്.
ഇതുപോലൊരു അനുഭവം ആദ്യമായാണ്. നാട്ടിൽ മഞ്ഞും മഴയും ഒക്കെയുണ്ടെങ്കിലും കൂർഗിൽ നിന്ന് ലഭിച്ചത് വേറിട്ട അനുഭവമാണ്.ആദ്യമായി ഇവിടെ വന്നപ്പോൾ തന്നെ മനസ് നിറഞ്ഞു. കാണാതെ പോയെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു.
ബേസിൽ
(എൻജിനിയറിംഗ് വിദ്യാർത്ഥി, മാർ ബസേലിയോസ് കോളേജ് തിരുവനന്തപുരം)