കണ്ണൂർ:കോഴിവിലയിൽ വൻ വിലയിടിവ് വന്നതോടെ പ്രതിസന്ധിയിലായി ഫാമുടമകളും കർഷകരും. നൂറിൽ താഴേക്ക് വരെ വില ഇടിഞ്ഞതോടെ മുടക്കുമുതൽ പോലും തിരിച്ചുകിട്ടാൻ വഴിയില്ലാത്ത സ്ഥിതിയിലാണ് ചെറുകിടകർഷകരും ഫാമുടമകളും. തമിഴ്നാട്ടിൽ നിന്നും വലിയ തോതിൽ ലോഡ് എത്തിയതാണ് പെടുന്നനെയുള്ള വിലത്തകർച്ചയുടെ പിന്നിലെന്നാണ് വിലയിരുത്തൽ.അതെ സമയം വിലക്കുറവ് മൂലം
റെക്കോർഡ് വില്പനയാണ് നടക്കുന്നത്.
ഞായറാഴ്ച കണ്ണൂരിൽ കിലോക്ക് 99 രൂപ നിരക്കിലാണ് കോഴി വിറ്റുപോയത്. ചിലയിടങ്ങളിൽ എൺപതിലേക്ക് വരെ താഴ്ന്നു. ഇത് പിന്നീട് 110 ആയി ഉയർന്നു.ഇരുന്നൂറ് മുതൽ 260 രൂപ വരെയെയായിരുന്നു രണ്ടാഴ്ച്ച മുമ്പത്തെ വില. അതെ സമയം അടുത്ത ദിവസങ്ങളിൽ വില കൂടാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറഞ്ഞു.പ്രാദേശിക ഉത്പാദനം വർദ്ധിച്ചതും ഇതിനെതിരെ തമിഴ് നാട് ലോബികളുടെ ആസൂത്രിതമായ നീക്കവുമാണ് വിലക്കുറവിന് പിന്നില്ലെന്നാണ് ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുന്നത്.
ചിക്കൻ വിഭവങ്ങൾക്ക് വിലകുറവില്ല
അതെ സമയം ചിക്കന്റെ വില കുത്തനെ ഇടിഞ്ഞിട്ടുണ്ടെങ്കിലും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് വില ഒട്ടും കുറഞ്ഞിട്ടില്ല. ഫുൾ ബിരിയാണിക്ക് 150മുതൽ മുകളിലാണ് നൽകേണ്ടത്.
നടുവൊടിഞ്ഞ് കർഷകർ
അപ്രതീക്ഷിതമായുള്ള വിലക്കുറവിൽ വമ്പൻ പ്രതിസന്ധിയിലാണ് ഈ മേഖലയിൽ മുതൽ മുടക്കിയ കർഷകർ. കഴിഞ്ഞ മാസങ്ങളിൽ വില വർദ്ധിച്ചതോടെ ഫാമുകളിൽ ഉത്പ്പാദനം വർദ്ധിപ്പിച്ചിരുന്നു. അറുപത് മുതൽ 65 രൂപക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. ഒരു കോഴിയെ വളർത്തി വിപണിയിലെത്തിക്കാൻ കർഷകന് 90 മുതൽ 110 രൂപ വരെയാണ് ചിലവ്.ഫാമുകളിൽ കിലോക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളുവെന്ന് കർഷകർ പറയുന്നു.നിരക്കിൽ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്താനുമാകില്ല. തീറ്റ ഇനത്തിൽ കനത്ത നഷ്ടമുണ്ടാക്കും.കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉൽപാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവാകുന്നുണ്ട്.
കോഴിവിലയിൽ അടുത്തകാലത്തായുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ വൻതോതിൽ കോഴിയെത്തുന്നതും പ്രാദേശിക ഉത്പ്പാദനം കൂടിയതുമാണ് വിലയിടിവിന് പിന്നിൽ.വരും ദിവസങ്ങളിൽ വില വർധിക്കുമെന്നാണ് പ്രതീക്ഷ .
ഇസ്മയിൽ പൂക്കോം,ജില്ലാ പ്രസിഡന്റ്,കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി